സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഒരാഴ്ചത്തെ ലോക്ക്ഡൗൺ സാരമായി ബാധിക്കുന്ന ബിസിനസുകൾക്ക് സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു.
250 മില്യൺ ഡോളർ പാക്കേജ് ആണ് സർക്കാർ നൽകുന്നത്. ഇതുവഴി സാമ്പത്തികമായി ബാധിച്ചിരിക്കുന്ന 90,000 ബിസിനസുകൾക്ക് പിന്തുണ നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ സ്‌കീം പ്രകാരം, റസ്റ്റോറന്റുകൾ, കഫേകൾ, ഇവന്റ് സപ്ലയർമാർ, താമസസ്ഥലങ്ങൾ, അവശ്യമല്ലാത്ത റീറ്റെയ്ൽ സ്റ്റോറുകൾ ഉൾപ്പെടെ അർഹതയുള്ള ബിനസുകൾക്ക് 2,500 ഡോളർ ഗ്രാന്റ് നൽകും.
മദ്യം വിളമ്പാൻ ലൈസൻസം, ഫുഡ് സർട്ടിഫിക്കറ്റുമുള്ള ഹോസ്പിറ്റാലിറ്റി രംഗത്തുള്ള ബിസിനസുകൾക്ക് 3,500 ഡോളർ വീതം ഗ്രാന്റ് നൽകും.
കൂടാതെ, ഇവന്റ് മാനേജ്‌മന്റ് രംഗത്തുള്ള ബിസിനസുകൾക്ക് 20 മില്യൺ ഡോളർ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
സംസ്ഥാനത്തെ രോഗബാധിതരുടെ സന്ദർശനപട്ടിക 170 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ നിരവധി ഇന്ത്യൻ സ്റ്റോറുകളും, ക്രെയ്ഗിബണിലുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റും ഉൾപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിവരെയാണ് ലോക്ക്ഡൗൺ. ലോക്ക്ഡൗൺ നിശ്ചയിച്ച ദിവസം പിൻവലിക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി ശനിയാഴ്ച അറിയിച്ചിരുന്നു.
കടപ്പാട്: SBS മലയാളം