മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്. കൊവിഡ് മൂലം മാതാവും പിതാവും മരണപ്പെട്ടവരാണ് ഒരു വിഭാഗം. മാതാപിതാക്കളിൽ ഒരാൾ നേരത്തെ മരണപ്പെടുകയും രണ്ടാമത്തെയാൾ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തവരാണ് മറ്റൊരു വിഭാഗം. ജില്ലാ ശിശു ക്ഷേമ ഓഫീസർമാരാണ് പട്ടിക തയ്യാറാക്കിയത്.
കൊവിഡിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരം നൽകണമെന്ന് കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം മാതാപിതാക്കളെയോ അവരിൽ ഒരാളെയോ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ബാലസ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനായിരുന്നു നിർദ്ദേശം, ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കൊവിഡ് മൂലം മതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 18 വയസ് തികയുന്നതുവരെ പ്രതിമാസം രണ്ടായിരം രൂപ വീതം നൽകും. ബിരുദം വരെയുള്ള ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രവും പ്രഖ്യാപിച്ചിട്ടുണ്ട്.