ഗൂഗിൾ ഫോട്ടോസിന്റെ അൺലിമിറ്റഡ് സ്റ്റോറേജ് പരിധി നാളെ അവസാനിക്കും. ഗൂഗിൾ ഫോട്ടോസ് അവരുടെ സ്റ്റോറേജ് നയം ജൂൺ ഒന്ന് മുതൽ പുതുക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ ഗൂഗിൾ ഫോട്ടോസിൽ, ‘ഹൈ റെസൊല്യൂഷൻ’ ചിത്രങ്ങൾ പരിധിയില്ലാതെ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഈ സംവിധാനമാണ് അടുത്ത മാസം ആദ്യം മുതൽ ഇല്ലാതെയാകുന്നത്.
പുതിയതായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ജൂൺ 1,2021 മുതൽ ഗൂഗിൾ അക്കൗണ്ട്സിൽ സൗജന്യമായി ലഭിക്കുന്ന 15ജിബി സ്റ്റോറേജിലാണ് ഉൾപ്പെടുത്തുക. സൗജന്യമായി ലഭ്യമാകുന്ന 15ജിബി സ്റ്റോറേജ് നിറയുകയാണെങ്കിൽ ‘ഹൈ റെസൊല്യൂഷൻ’ ചിത്രങ്ങൾ വീണ്ടും അപ്‌ലോഡ് ചെയ്യാൻ നിങ്ങൾക്ക് അധിക സ്റ്റോറേജ് ഗൂഗിളിൽ നിന്നും നിശ്ചിത തുകയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ടി വരും.
നിലവിൽ ഹൈ ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എന്ത് സംഭവിക്കും?
2021 മേയ് 31 വരെ അപ്‌ലോഡ് ചെയ്തിട്ടുള്ള ‘ഹൈ ക്വാളിറ്റി’ ചിത്രങ്ങളും വീഡിയോകളും 15 ജിബി സ്റ്റോറേജ് പരിധിയിൽ വരുന്നതല്ല. അവ സൗജന്യമായി നിലനിൽക്കുകയും ഗൂഗിളിന്റെ പുതിയ സ്റ്റോറേജ് പരിധിയിൽ നിന്ന് പുറത്ത് നിൽക്കുകയും ചെയ്യും. നിങ്ങളുടെ ഇപ്പോഴത്തെ ബാക്ക് അപ്പ് ക്വാളിറ്റി പരിശോധിക്കണമെങ്കിൽ സെറ്റിങ്സിലെ ബാക്ക് അപ്പ് ആൻഡ് സിങ്ക് (back up & sync) എന്ന ഓപ്ഷനിൽ കയറി പരിശോധിക്കാവുന്നതാണ്.
ഗൂഗിൾ ഫോൺ ഉപയോക്താക്കൾക്ക് പുതിയ സ്റ്റോറേജ് പരിധി ബാധകമല്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അവർക്ക് ജൂൺ ഒന്നിന് ശേഷവും ‘ഹൈ ക്വാളിറ്റി’ ചിത്രങ്ങൾ പരിധി കൂടാതെ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
ഗൂഗിൾ ഫോട്ടോസ്: അധിക സ്റ്റോറേജ്
നിങ്ങളുടെ 15 ജിബി ഡാറ്റ പരിധി കഴിയുകയാണെങ്കിൽ നിങ്ങൾക്ക് ഗൂഗിളിൽ നിന്ന് അധിക സ്റ്റോറേജ് വാങ്ങി ഉപയോഗിക്കാം. ഇന്ത്യയിൽ ഉപയോക്താക്കൾക്കായി പ്രതിമാസ, പ്രതിവർഷ പ്ലാനുകളാണ് ഗൂഗിൾ നൽകിയിട്ടുള്ളത്. ഒരു മാസം 130 രൂപക്ക് 100ജിബി സ്റ്റോറേജും അതിൽ കൂടുതൽ സ്റ്റോറേജ് വേണ്ടവരാണെങ്കിൽ പ്രതിമാസം 650 രൂപക്ക് 1ടിബി സ്റ്റോറേജ് പ്ലാനും ഗൂഗിൾ നൽകുന്നുണ്ട്.
പ്രതിവർഷ പ്ലാനുകൾ വേണ്ടവർ ഒരു വർഷത്തേക്ക് 1,300 രൂപ നൽകിയാൽ 100 ജിബി സ്റ്റോറേജ് ഓരോ മാസവും ലഭിക്കും. കൂടുതൽ സ്റ്റോറേജ് വേണ്ടവർക്ക് ഒരു വർഷം 6,500 രൂപ നൽകിയാൽ 1ടിബി സ്റ്റോറേജ് പ്രതിമാസം ലഭിക്കും. ഒരു ഉപയോക്താവിന്റെ 15ജിബി സൗജന്യ സ്റ്റോറേജ് പരിധി അവസാനിക്കാറാകുമ്പോൾ ഗൂഗിൾ മെയിൽ വഴി അറിയിപ്പ് നൽകുന്നതാണ്.
എങ്ങനെയാണ് ലഭ്യമായ സ്റ്റോറേജ് ഉപയോഗിക്കുക
ഒരു ഉപയോക്താവിന്റെ സ്റ്റോറേജ് പരിധി എപ്പോൾ അവസാനിക്കും എന്നത് സംബന്ധിച്ച ഏകദേശ വിവരം ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിൽ തന്നെ കാണാൻ സാധിക്കും. ഈ ഏകദേശ വിവരം ലഭിക്കുന്നത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലുള്ള വിവരങ്ങൾ ചിത്രങ്ങൾ വിഡിയോകൾ എന്നിവ എത്ര ഇടവേളകളിലാണ് ബാക്ക് അപ്പ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ്.
ഗൂഗിളിന്റെ പുതിയ ഒരു സൗജന്യ ടൂൾ ഉപയോഗിച്ച് നിങ്ങൾ ബാക്ക് അപ്പ് ചെയ്തിട്ടുള്ള ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. പുതിയ ടൂൾ ഉപയോഗിച്ച് ഒരു കണ്ടന്റുകളും വിശകലനം ചെയ്ത് ഏതാണ് നിലനിർത്തേണ്ടത്, ഡിലീറ്റ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
The post ഗൂഗിൾ ഫോട്ടോസ് ‘അൺലിമിറ്റഡ്’ സ്റ്റോറേജ് പരിധി നാളെ അവസാനിക്കും; അറിഞ്ഞിരിക്കേണ്ടവ appeared first on Indian Express Malayalam.