മെൽബണിൽ പുതുതായി ആറ് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. സന്ദർശനപട്ടികയിൽ രണ്ട് ഇന്ത്യൻ സ്റ്റോറുകളും ഉൾപ്പെടുന്നു.
മെൽബണിൽ കൊവിഡ് കേസുകൾ കൂടിയതോടെ നഗരം വീണ്ടും നിയന്ത്രണത്തിലാണ്.
നിയന്ത്രണങ്ങൾ നടപ്പാക്കിയതിന് പിന്നാലെയാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കൻ മെൽബണിലെ വിറ്റിൽസി പ്രദേശത്ത് കണ്ടെത്തിയ വൈറസ്ബാധയാണ് ആറ് പേരിലേക്ക് കൂടി പടർന്നിരിക്കുന്നത്.
ഇതോടെ മെൽബണിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 15 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 10 കേസുകളാണ് റിപ്പോർട്ട് ചെയ്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതിയ കേസുകളെല്ലാം നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളുമായി ബന്ധമുള്ളതാണ്. കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.
അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും, സാഹചര്യം വിലയിരുത്തിയ ശേഷമാകും നിയന്ത്രണങ്ങളുടെ കാര്യത്തിൽ കൂടുതൽ തീരുമാനം എടുക്കുന്നതെന്നും ജെയിംസ് മെർലിനോ അറിയിച്ചു.
മെൽബണിൽ രോഗബാധിതരുടെ എണ്ണം കൂടിയതോടെ ചൊവ്വാഴ്ച ആറ് മണി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുകയാണ്.
12 വയസ്സിന് മേൽ പ്രായമായവർ കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ സ്കൂളിൽ മാസ്ക് ധരിക്കണം. പ്രൈമറി സ്കൂൾ അധ്യാപകരും മാസ്ക് ധരിക്കണം.
കൂടാതെ, ദിവസം അഞ്ച് പേർക്ക് മാത്രമാണ് ഒരു വീട് സന്ദർശിക്കാവുന്നത്. പൊതുയിടങ്ങളിൽ 30 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ.
പുതിയ കേസുകൾ രൂപമാറ്റം വന്ന ഇന്ത്യൻ വകഭേദമാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചിരുന്നു.
രോഗബാധിതർ സന്ദർശിച്ച ഇടങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ഇന്ത്യൻ സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
എപ്പിംഗിലുള്ള JMD ഗ്രോസ്‌ഴ്‌സ് ആൻഡ് സ്വീറ്റ്‌സും, ലാലോറിലുള്ള ദീപ് ഇന്ത്യൻ സൂപ്പർമാർക്കറ്റും സന്ദർശന പട്ടികയിൽ ഉൾപ്പെടുന്നു.
കൂടാതെ എ ഫ് എൽ മത്സരം നടന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടും സന്ദർശന പട്ടികയിൽ ഉണ്ട്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനക്കായി മുൻപോട്ടു വരണമെന്ന് മെർലിനോ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സജ്ജീവമായ 23 കേസുകളാണുള്ളത്.
കടപ്പാട്: SBS മലയാളം