ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ നിലപാട് മയപ്പെടുത്തി വാട്സാപ്പ്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ലെന്ന് അറിയിച്ചു. വ്യക്തിഗത വിവര സുരക്ഷാ നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കമ്പനിയുടെ സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ ക്രമേണ പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണം. അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുന്‍പ് ചാറ്റിലേക്കുള്ള പ്രവേശനം, വിഡിയോ കോളുകള്‍ എന്നീ സവിശേഷതകള്‍ സാവധാനം നഷ്ടപ്പെടും എന്നായിരുന്നു മുന്നറിയിപ്പ്.
Also Read: വാട്സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് പോകുമോ? അറിയേണ്ടതെല്ലാം
സ്വകാര്യതാ നയം സ്വീകരിക്കാനുള്ള അവസാന തീയതി മേയ് ഏഴില്‍ നിന്ന് 15 ലേക്ക് കമ്പനി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി വാട്സാപ്പ് എത്തിയത്. അതേസമയം, അപ്‌ഡേറ്റിനെക്കുറിച്ച് സമയാസമയങ്ങളിൽ ഉപയോക്താക്കളെ ഓർമ്മപ്പെടുത്തുന്നത് തുടരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മേയ് പതിനെട്ടിലെ കത്തിനോടും പ്രതികരിച്ചതായി വാട്സാപ്പ് വ്യക്തമാക്കി.
സംഭവത്തില്‍ തൃപ്തികരമായ മറുപടി 25-ാം തീയതിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ഐടി മന്ത്രാലയം വാട്സാപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാദമായ സ്വകാര്യതാ നയം പിന്‍വലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ ഇതു സംബന്ധിച്ച് വാട്സാപ്പിന്റെ സിഇഒ വില്‍ കാത്കാര്‍ട്ടിനും കേന്ദ്രം കത്തയച്ചിരുന്നു.
The post നിലപാടിൽ മാറ്റവുമായി വാട്സാപ്പ്; സവിശേഷതകൾ പരിമിതപ്പെടുത്തില്ല appeared first on Indian Express Malayalam.