മനാമ > ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്ക് പ്രവേശനം സാധുവായ റെസിഡന്റ് വിസക്കാര്‍ക്ക് മാത്രമായി ചുരുക്കുന്നു സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ല. ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍ എന്നിവര്‍ക്കും പ്രവേശനം. യാത്രക്കാര്‍ക്ക് സ്വന്തം ചെലവില്‍ ക്വാറന്റയ്‌നുമുണ്ട്. ഇതടക്കമുള്ള നിയന്ത്രണങ്ങള്‍ ഞായറാഴ്ച നിലവില്‍ വരൂം.
കോവിഡ് കേസുകള്‍ വര്‍ധിച്ച പാശ്ചാത്തലത്തില്‍ ഇന്ത്യ, പാക്‌സിതാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് യാത്രക്കാര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുവഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബാധകം. പ്രവാസികള്‍ പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ബഹ്‌റെനില്‍ എത്തിയാല്‍ സ്വന്തം താമസ സ്ഥലത്തോ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകാരിച്ച ഹോട്ടലിലോ 10 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം. ഇതിന് തെളിവ് ഹാജരാക്കണം. ബഹ്‌റൈനില്‍ ഇറങ്ങുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും സ്വന്തം ചെവലില്‍ കോവിഡ് പരിശോധനയുമുണ്ട്.
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം ബഹ്‌റൈനില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിയ സ്ഥിരീകരിച്ചു.
ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്നവര്‍ ബഹ്‌റൈനില്‍ റസിഡന്‍സ് വിസ ഉള്ളവരായിരിക്കണം എന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ശരിയായ വിധത്തിലാണെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.