കൊച്ചി
‘ഏ അവിശ്വസനീയ് ഹെ, ആപ് കി സർക്കാർ കിത്തനി ദേഖ്പാൽ കർ രഹി ഹെ. ’ അതിഥിത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകിയ കിറ്റ് സ്വീകരിച്ച ബംഗാൾ സിലിഗുരി സ്വദേശി ഫോറിൻദാസിന്റെ വാക്കുകളിൽ അത്ഭുതവും ആദരവും. കിഴക്കമ്പലത്ത് കെആർ അപ്പാരൽസിലെ ജീവനക്കാരനാണ് ഫോറിൻദാസ്. കിറ്റ് വാങ്ങുന്നതിന്റെ പടം ഭാര്യക്കും മക്കൾക്കും വാട്സാപ്പിൽ പങ്കുവയ്ക്കാനും ഇദ്ദേഹം മറന്നില്ല.
തന്നെ കാണാൻ സംസ്ഥാന സർക്കാരിൽനിന്ന് ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞപ്പോൾത്തന്നെ ദാസ് സന്തോഷവാനായിരുന്നു. എന്തിനാണ് അവർ വരുന്നത്? ചോദ്യങ്ങൾ ചോദിക്കുമോ? തുടങ്ങിയ സംശയങ്ങൾ സഹപ്രവർത്തകരോട് പങ്കുവച്ചു. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ അതിഥിത്തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സമ്മാനിക്കാനാണ് അവർ വരുന്നതെന്ന് കേട്ടപ്പോൾ സന്തോഷമായി.
നാലു വർഷമായി കേരളത്തിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്ത ഫോറിൻദാസ് രണ്ടു വർഷമായി കിഴക്കമ്പലത്തെത്തിയിട്ട്. വാർത്തകൾ ശ്രദ്ധിക്കുന്നതിനാൽ അതിഥിത്തൊഴിലാളികൾക്ക് പിണറായി സർക്കാർ വാക്സിൻ നൽകും എന്ന് പറഞ്ഞതും അറിഞ്ഞുവച്ചിട്ടുണ്ട്.
കേരളത്തിലെ കുട്ടികൾ സൗജന്യമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നേടുമ്പോൾ നാട്ടിൽ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് മുടക്കേണ്ടിവരുന്നത് വൻ തുകയാണെന്ന് ദാസ് പറഞ്ഞു. കഴിയുമെങ്കിൽ കുടുംബവുമായി കേരളത്തിലേക്ക് മാറിയാലോ എന്നും ആലോചിക്കുന്നുണ്ട്.
ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. അസിസ്ന്റന്റ് ലേബർ ഓഫീസർമാരായ അഭി സെബാസ്റ്റ്യൻ, ടി ജി ബിനീഷ് കുമാർ, ജീവനക്കാരനായ പി കെ മനോജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അഞ്ച് കിലോ അരി, പരിപ്പ്, കടല, ഓയിൽ, പഞ്ചസാര, കിഴങ്ങ്, സവാള തുടങ്ങിയ ഉൽപ്പന്നങ്ങളും മാസ്കും കിറ്റിൽ ഉണ്ടായിരുന്നു.