മനാമ > ബഹ്റൈനില് ഷോപ്പിങ് മാള് ഉള്പ്പെടെ കൂടുതല് സ്ഥാപനങ്ങളില് പ്രവേശനം കോവിഡ് വാക്സിന് സ്വീകരിച്ചവര്ക്കും രോഗമുക്തര്ക്കുമായി പരിമിതപ്പെടുത്തി. ഷോപ്പിംഗ് മാള്, റീട്ടെയ്ല്ഷോപ്പ്, സലൂണ് എന്നിവിടങ്ങളിലാണ് പുതുതായി പ്രവേശനം കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവര്ക്കായി നിജപ്പെടുത്തിയത്. പള്ളികളില് നമസ്കാരത്തിനും ജുമുഅ നമസ്കാരത്തിനും സര്ക്കാര് ഓഫിസുകള്, സേവന കേന്ദ്രങ്ങള് എന്നിവിടങ്ങളിലും ഇത് ബാധകമാണ്. ഇവിടങ്ങളില് 18 വയസ്സില് താഴെയുള്ളവര്ക്ക് പ്രവേശനമില്ല.
വെള്ളിയാഴ്ച മുതല് പ്രാബല്യത്തില് വന്ന നിയന്ത്രണങ്ങള് ജൂണ് മൂന്നു വരെ തുടരും. അതേസമയം, സൂപ്പര്മാര്ക്കറ്റുകള്, ബാങ്കുകള്, ഫാര്മസികള് എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഈ നിയന്ത്രണം ബാധകമല്ല.
കോവിഡ് കൈകാര്യം ചെയ്യുന്ന ദേശീയ മെഡിക്കല് കര്മ്മസമിതി വാര്ത്താ സമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം.
ഈദ് മുതല് ജിമ്മുകളിലും സിനിമാ തീയേറ്ററുകളിലും റസ്റ്ററോണ്ടുകളിലും പ്രവേശനം വാക്സിനെടുത്തവര്ക്കും കോവിഡ് മുക്തര്ക്കും മാത്രമാണ്. ഇതും തുടരും.
രാജ്യത്ത് കോവിഡ് കേസുകള് വര്ധിച്ച പാശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്. ആറു പേരില് കൂടുതല് ഒത്തുചേരുന്നതിലും വിലക്കുണ്ട്.
ഞായറാഴ്ച മുതല് ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്, ശ്രീലങ്ക എന്നിവിടങ്ങളില് നിന്ന് ബഹ്റൈനില് റെസിഡന്റ് വിസ ഉള്ളവര്ക്ക് മാത്രമാണ് പ്രവേശനം. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളില് നടത്തിയ കോവിഡ് പരിശോധനയുടെ ഗെറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്ക്ക് ബഹ്റൈനില് 10 ദിവസത്തെ താമസ സ്ഥലം/ ഹോട്ടല് ക്വാറന്റയ്ന് നിര്ബന്ധമാണ്. ബഹ്റൈനില്നിന്ന് കോവിഡ് വാക്സിന് സ്വീകരിച്ചവര്ക്കും ഇത് ബാധകമാണെന്ന് അധികൃതര് അറിയിച്ചു.
താമസ സ്ഥലത്ത് ക്വാറന്റയ്നില് ആകുന്നവര് സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിന്റെയോ താമസ സ്ഥലത്തിന്റെ രേഖ തെളിവായി ഹാജരാക്കണം. എന്എച്ച്ആര്എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാര്ക്ക് ക്വാറന്റയ്ന് സൗകര്യം നല്കാന് പാടില്ലെന്ന് ബഹ്റൈന് ടൂറിസം ആന്റ് എക്സിബിഷന്സ് അതോറിറ്റി അറിയിച്ചു. ക്വാറന്റയ്ന് സൗകര്യം ഒരുക്കാന് ആഗ്രഹിക്കുന്ന ഹോട്ടലുകള് എന്എച്ച്ആര്എയുടെ ഹെല്ത് ഫെസിലിറ്റീസ് ഡിപ്പാര്ട്ട്മെന്റുമായി ബന്ധപ്പെടണം. ഫോണ്: 17113304.
നിയമം ലംഘിച്ച് ക്വാറന്റയ്ന് സൗകര്യം നല്കിയാല് സ്ഥാപനം താല്ക്കാലികമായി അടച്ചുപൂട്ടുകയോ 10,000 ദിനാര് വരെ പിഴ ചുമത്തുകയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ജാഗ്രത വേണം; രോഗവ്യാപനത്തിന് കാരണം കുടുബസംഗമങ്ങള്
മനാമ > നിരവധി പേര് പങ്കെടുക്കുന്ന കുടുംബസംഗമങ്ങളാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര് സെക്രട്ടറിയും ദേശീയ മെഡിക്കല് കര്മ്മ സമിതി അംഗവുമായ ഡോ. വലീദ് അല് മാനിഅ് പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവരേക്കാള് ബഹ്റൈനില് ഉള്ളവര് തന്നെയാണ് രോഗവ്യാപനം കൂടുതലായുണ്ടാക്കുന്നത്. അതിനാല്, വിദേശ യാത്രക്കാര്ക്ക് പൂര്ണ വിലക്ക് ഏര്പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന് വകഭേദം വന്ന കോവിഡ് വൈറസ് ബഹ്റൈന് ഉള്പ്പെടെ പലരാജ്യങ്ങളിലും വ്യാപിച്ചിട്ടുണ്ട്. ഇനിയും അത് തുടരാനാണ് സാധ്യത. വിദേശത്തുനിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാരെ വിലക്കുന്നത് അതിന് പരിഹാരമല്ല. മതിയായ മുന്കരുതല് സ്വീകരിക്കുക എന്നതാണ് ഏക പോംവഴി.
റമദാനിലെ കുടുംബസംഗമങ്ങളും രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഓരോരുത്തരും ജാഗ്രത പാലിച്ചാല് മാത്രമേ കോവിഡ് മഹാമാരിയെ തരണം ചെയ്യാന് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് മുന്കരുതല് നിര്ദേശങ്ങള് ലംഘിക്കുന്നവരെ പിടികൂടാന് പരിശോധന തുടരുന്നുണ്ട്. എല്ലാവരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുകയും മുന്കരുതല് സ്വീകരിക്കുകയും ചെയ്യുക വഴി രോഗത്തെ പിടിച്ചുകെട്ടാന് കഴിയും. രോഗവ്യാപനം തടഞ്ഞ് ജീവന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല് പരിശോധനകള് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.