തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ചേർന്ന് നടപ്പാക്കിയ വാർത്താചാനൽ വിലക്കിനു പിന്നിൽ സ്വർണക്കള്ളക്കടത്ത് രഹസ്യവുമെന്ന് സൂചന. ബിജെപിയുടെ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമാണ് വിലക്കേർപ്പെടുത്തിയ ചാനലിന്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖർ. ഇദ്ദേഹവും കേന്ദ്രമന്ത്രി മുരളീധരനും തമ്മിലുള്ള വടംവലിയാണ് ബിജെപി സംസ്ഥാനതല വിലക്കിലേക്കെത്തിച്ചതെന്നു പറയുന്നു. അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ വി മുരളീധരൻ തെറിക്കുമെന്നും പകരം രാജീവ് ചന്ദ്രശേഖർ മന്ത്രിയാകുമെന്നും ബിജെപി വൃത്തങ്ങളിൽ സംസാരവുമുണ്ട്. കേന്ദ്രമന്ത്രി അടിക്കടി നടത്തിയിരുന്ന ദുബായ് യാത്രയുടെ രഹസ്യങ്ങൾ ദൃശ്യങ്ങൾ സഹിതം ചാനൽ ചെയർമാന്റെ പക്കലുണ്ടെന്നാണ് കേൾക്കുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് മുരളീധരനെ മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാനാണ് നീക്കം. അതിന് തടയിടാനാണ് മന്ത്രിയുടെയും സുരേന്ദ്രന്റെയും നേതൃത്വത്തിൽ ചാനൽതന്നെ ദേശവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നത്. ചാനലിനെതിരെ കിട്ടിയ അവസരങ്ങളെല്ലാം മുമ്പും ഉപയോഗിച്ച ഇവർ, ഒരു പ്രവർത്തകയും ചാനലിലെ ലേഖികയുമായുള്ള സംസാരത്തിന്റെ പേരിൽ വിഷയം ആളിക്കത്തിക്കുകയായിരുന്നു.
ബംഗാളിലെ അക്രമത്തിന്റെ വാർത്ത വേണ്ടത്ര പ്രാധാന്യത്തോടെ കൊടുത്തില്ലെന്ന കാരണമാണ് ‘ദേശവിരുദ്ധ’രായി കാണാൻ ഇവർ കണ്ട കാരണം. ചാനലിന് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന നേതൃത്വം ഇറക്കിയ പ്രസ്താവനയിലും ചാനൽ ‘ദേശവിരുദ്ധരാണ്’ എന്ന പരാമർശമുണ്ടായിരുന്നു. പ്രസ്താവനയുടെ ഇംഗ്ലീഷ് പരിഭാഷയടക്കം സോഷ്യൽമീഡിയയിലും പ്രചരിപ്പിച്ചു. കേന്ദ്രനേതൃത്വത്തിന്റെ മുന്നിൽ പെട്ടെന്ന് കത്തുന്ന മരുന്നാണ് ‘ദേശവിരുദ്ധം’ എന്നതുകൊണ്ടാണ് അതുമാത്രം പ്രചരിപ്പിക്കുന്നതും. സ്വർണക്കള്ളക്കടത്ത് വിവാദം കത്തിപ്പടർന്ന വേളയിലെല്ലാം സംസ്ഥാന സർക്കാരിനെതിരെ അനാവശ്യ പ്രസ്താവനകളുമായി കേന്ദ്രമന്ത്രി നിരന്തരം രംഗത്തുവന്നിരുന്നു.