ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കുറഞ്ഞതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. 5.5 ശതമാനമായാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ തുടർച്ചയായ ആറാം മാസമാണ് തൊഴിലില്ലായ്മാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്.
തൊഴിലില്ലായ്മാ നിരക്ക് 5.5 ശതമാനമായി കുറഞ്ഞതായാണ് ഓസ്‌ട്രേലിൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ.
ഏഴു വർഷത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കെന്ന് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് പറഞ്ഞു.
യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് 12 വർഷത്തിൽ ആദ്യമായി കുറഞ്ഞുവെന്നും ഫ്രൈഡൻബർഗ് ചൂണ്ടിക്കാട്ടി.
ഈ വർഷം മാർച്ചിൽ തൊഴില്ലായ്മാ നിരക്ക് 5.7 ശതമാനമായിരുന്നു.
അതേസമയം, പാർട്ട് ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ മാർച്ചിൽ ആകെയുള്ള തൊഴിലുകൾ 30,600 ആയി കുറഞ്ഞിരുന്നു.
ഏപ്രിലിൽ പാർട്ട് ടൈം ജീവനക്കാരുടെ എണ്ണം 64,400 ആയാണ് കുറഞ്ഞത്.
ജോബ് കീപ്പർ സ്‌കീം നിർത്തലാക്കിയ മാർച്ചിന് ശേഷമുള്ള തൊഴിൽ രംഗത്തുനിന്നുള്ള ABSന്റെ ആദ്യത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്.
ജോബ് കീപ്പർ മാർച്ചിൽ അവസാനിച്ചെങ്കിലും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തൊഴിലിനെ ഇത് സാരമായി ബാധിച്ചില്ലെന്ന് ABSന്റെ ലേബർ സ്റ്റാറ്റിസ്റ്റിക്സ് തലവൻ ബിയോൺ ജാർവിസ് വ്യക്തമാക്കി.
ജോബ് കീപ്പർ അവസാനിച്ച ശേഷം പുറത്തുവന്ന ഈ റിപ്പോർട്ട്, ഓസ്‌ട്രേലിയയുടെ സാമ്പത്തിക പുനരുദ്ധാരണമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രൈഡൻബർഗ് പറഞ്ഞു.
ജോബ് കീപ്പർ നിർത്തിയാലാക്കിയ ശേഷം 1,50,000 വരെ തൊഴിലുകൾ നഷ്ടമാകാമെന്നാണ് നേരത്തെ കണക്കുകൂട്ടിയതെന്ന് ട്രെഷറി സെക്രട്ടറി സ്റ്റീവൻ കെന്നഡി പറഞ്ഞു.
എന്നാൽ നിലവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രതീക്ഷ നൽകുന്നതാണെന്നും, തൊഴിൽ നഷ്ടപ്പെട്ട പലരും മറ്റ് തൊഴിലുകൾ കണ്ടെത്തിയെന്നുള്ളതും ആശ്വാസം നൽകുന്നുണ്ടെന്നും സ്റ്റീവൻ ചൂണ്ടിക്കാട്ടി.