മനാമ > ബഹ്റൈനില് കോവിഡ് ബൂസ്റ്റര് ഡോസിനായി രജിസ്ട്രേഷന് തുടങ്ങി. ആദ്യ ഘട്ടത്തില് ദുര്ബല വിഭാഗത്തിലുള്ളവര്ക്കാണ് ബൂസ്റ്റര് ഡോസ് നല്കാന് ലക്ഷ്യമിടുന്നത്.
സിനോഫാം വാക്സിന് രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞവര്ക്കാണ് ബൂസ്റ്റര് ഡോസ് നല്കുക. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്ക്കും 50 വയസ്സിന് മുകളിലുള്ളവര്ക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത അസുഖങ്ങള് എന്നിവയുള്ളവര്ക്കും ബൂസ്റ്റര് ഡോസ് നല്കും.
മറ്റു വിഭാഗങ്ങളിലുള്ള സ്വദേശികള്ക്കും പ്രവാസികള്ക്കും ബൂസ്റ്റര് ഡോസ് സ്വീകരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിഞ്ഞാണ് ഇവര്ക്ക് ബൂസ്റ്റര് ഡോസ് നല്കുക.
പ്രതിരോധ കുത്തിവെപ്പിന്റെ അടുത്ത ഘട്ടത്തില് പൗരന്മാര്ക്കും പ്രവാസികള്ക്കും ബൂസ്റ്റര് ഡോസായി മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിന് നല്കുമെന്ന് കഴിഞ്ഞ ഏഴിന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം മുതല് 12 മാസം വരെ പൂര്ത്തിയായവര്ക്കാണ് മൂന്നാമത്തെ ഡോസ് നല്കുകയെന്ന് വ്യക്തമാക്കിയിരുന്നു. പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിന് മൂന്നാമത്തെ ഡോസ് എടുക്കുന്നതിനുള്ള തീയതികള് വ്യത്യസ്ത വിഭാഗങ്ങള്ക്കനുസരിച്ച് തീരുമാനിച്ചതായും മന്ത്രാലയം അറിയിച്ചു. ജനങ്ങള്ക്ക് നേരത്തെ സ്വീകരിച്ച വാക്സിനോ അല്ലെങ്കില് പുതിയ വാക്സിനോ മൂന്നാം ഡോസായി തെരഞ്ഞെടുക്കാം. എന്നാല്, പുതിയ വാക്സിന് തെരെഞ്ഞെടുക്കുന്നത് മെഡിക്കല് അനുമതിക്ക് വിധേയമായിരിക്കും.
രാജ്യത്ത് 6.51 ലക്ഷത്തിലേറെ പേര് കോവിഡ് പ്രതിരോധ വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചു. ബഹ്റൈനില് ഡിസംബര് 17നാണ് സൗജന്യ വാക്സിനേഷന് ആരംഭിച്ചത്. 18 വയസിന് മുകളില് പ്രായമുള്ളവര്ക്കാണ് കുത്തിവെപ്പ് നല്കുന്നത്.