മനാമ > ബഹ്റൈനില് 12 നും 17 ഇടയില് പ്രായമുള്ളവര്ക്ക് കോവിഡ് 19പ്രതിരോധ കുത്തിവെപ്പ് നല്കാന് തീരുമാനം. ഇവര്ക്ക് രണ്ട് ഡോസ് ഫൈസര് ബയോടെക് വാക്സിന് നല്കുമെന്ന് ദേശീയ ആരോഗ്യ കര്മ്മ സമതി അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള വിദഗ്ധരുടെ ഉപദേശക സംഘത്തിന്റെയും അമേരിക്കന് സെന്റര് ഫോര് ഡിസീസ് കണ്ട്രോളിന്റെയും ശുപാര്ശകളുടെ പാശ്ചാത്തലത്തില് ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കൗമാരക്കാരില് രോഗപ്രതിരോധ ശേഷിയുണ്ടാക്കുകയാണ് ലക്ഷ്യം.
ഈ പ്രായക്കാര്ക്ക് കുത്തിവെപ്പ് എടുക്കാന് രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുമ്പോള് രക്ഷിതാവിന്റെ സാന്നിധ്യവും ആവശ്യമാണ്. കുത്തിവെപ്പിന് രജിസ്റ്റര് ചെയ്യാന് സൗകര്യം healthalert.gov.bh എന്ന വെബ്സെറ്റില് ഉടന് ആരംഭിക്കും.
18 വയസുമുതലുള്ള പൗരന്മാര്ക്കും താമസക്കാര്ക്കും ബഹ്റൈന് സൗജന്യമായാണ വാക്സിന് നല്കുന്നത്. ഏത് വാക്സിന് സ്വീകരിക്കാന് ആഗ്രഹിക്കുന്നുവെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. സിനോഫാം, ഫൈസര് ബയോടെക്, അസ്ട്രാസെനെക , ജോണ്സണ് & ജോണ്സണ്, റഷ്യയുടെ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിങ്ങനെ ആറ് തരത്തിലുള്ള വാക്സിനുകള്ക്ക് ബഹ്റൈന് അംഗീകാരം നല്കിയിട്ടുണ്ട്.
ആറര ലക്ഷത്തിലധികം പേര് ബഹ്റൈനില് നിലവില് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.