ലണ്ടൻ> കേരളമൊന്നാകെ ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്സിൻ ചാലഞ്ച് നെഞ്ചിലേറ്റി യുകെയിലെയും അയർലണ്ടിലെയും സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ഹീത്രോ ബ്രാഞ്ചും. വാക്സിൻ ചാലഞ്ച് കൂടുതൽ ജനകീയമാക്കുന്നതിനായി ശനിയാഴ്ച നടത്തിയ ബിരിയാണി മേളയിലുടെ രണ്ടുലക്ഷത്തിലധികം രൂപ സമാഹരിച്ചു.
നാനൂറിലേറെ ബിരിയാണികൾ ലണ്ടനിലെ ഹാമർസ്മിത്ത്, ഹീത്രോ, സ്റ്റാന്വേൽ, ആഷ്ഫോർഡ്, നോർത്തോൾട്ട്, ഫെൽറ്റ്ഹാം, ഹോൻസ്ലോ, ബെഡ്ഫോണ്ട്, ഹേയ്സ്, സൗത്താൾ, ഗ്രീൻഫോർഡ് തുടങ്ങിയ വെസ്റ്റ് (പശ്ചിമ) ലണ്ടന്റെ ഭാഗങ്ങളിൽ 18 മുതൽ 65 വരെ പ്രായമുള്ള നിരവധി വോളണ്ടിയർമാരെ അണിനിരത്തിയാണ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രൊഫഷണൽ ഷെഫിന്റെ നേതൃത്വത്തിൽ എഐസി ഹീത്രോ ബ്രാഞ്ച് ചിട്ടയായ രീതിയിൽ വിതരണം ചെയ്തത്.
കോവിഡ് വാക്സിന് കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വിലയീടാക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചതിന് പിന്നാലെ ഏപ്രിൽ 22ന് സാമൂഹികമാധ്യമങ്ങൾ വാക്സിൻ ചാലഞ്ചിന്റെ പ്രചാരണം ആരംഭിച്ചിരുന്നു.
അന്നു തന്നെ ബ്രാഞ്ചുകളോടും അംഗങ്ങളോടും അനുഭാവികളോടും വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ എഐസി ആഹ്വാനം ചെയ്തിരുന്നു. നിരവധി പേരാണ് യുകെയിൽ നിന്നും അയർലണ്ടിൽ നിന്നും വാക്സിൻ ചാലഞ്ചിന്റെ ഭാഗമായത്.
യുകെയിലും അയർലണ്ടിലും മുപ്പതോളം ബ്രാഞ്ചുകളുള്ള എഐസി ദേശീയ തലത്തിൽ ഏറ്റെടുത്ത ചലഞ്ചിന് വലിയ സ്വീകാര്യതയാണ് ലണ്ടനിലെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ലഭിച്ചുവെന്ന് എഐസി ദേശീയ സെക്രട്ടറി ഹർസേവ് ബൈൻസ് അഭിപ്രായപ്പെട്ടു.
ബിരിയാണി മേളയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് കൂടുതൽ ബ്രാഞ്ചുകൾ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹീത്രോ ബ്രാഞ്ച് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
വീഡിയോ ലിങ്ക് ചുവടെ