കുവൈറ്റ് സിറ്റി> രാജ്യത്ത് പെരുന്നാള്ദിനം മുതല് കര്ഫ്യൂ പിൻവലിക്കാൻ ഇന്ന് കൂടിയ കുവൈറ്റ് മന്ത്രിസഭായോഗത്തില് തീരുമാനമായി. പ്രധാനമന്ത്രി ഷേഖ് സബാ ഖാലിദ് അല് ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭ യോഗമാണ് കഴിഞ്ഞ രണ്ട് മാസത്തിലെറെയായി ഏര്പ്പെടുത്തിയിരുന്ന ഭാഗിക കര്ഫ്യൂ പിന്വലിക്കാന് തീരുമാനിച്ചത്.
രാത്രി ഏഴുമുതല് പുലര്ച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കര്ഫ്യൂ നിലവിലുള്ളത്. ആദ്യം വൈകുനേരം 5 മുതല് രാവിലെ 5 വരെയായിരുന്ന കർഫ്യു, പിന്നീട് വൈകിട്ട് 7 മുതല് 5 വരെയാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പിന്വലിക്കാൻ തീരുമാനിച്ചത്.
അതെ സമയം, രാജ്യത്തെക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് തുടരാനും സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് പുറമെ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള യാത്രകൾക്കും നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
റെസ്റ്റോറന്റുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇനിയും വൈകും, ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള ഹോം ഡെലിവറി സേവനം മാത്രം തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈദു ഫിത്വർ ദിനം മുതൽ രാത്രി 8 മണി മുതൽ പുലർച്ചെ 5 മണി വരെ ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ ഒഴികെയുള്ള മറ്റു വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യു പിൻവലിക്കുമെങ്കിലും രാജ്യത്ത് നിലവിലുള്ള മറ്റു ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ കർശനമായി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.