മൂലമറ്റം
ഏറെനാള് നീണ്ട ആശങ്കകള്ക്കൊടുവില് റബര് ഷീറ്റിന് മികച്ച വില കിട്ടിത്തുടങ്ങി. വില 160 ൽ എത്തിയത് കര്ഷകര്ക്ക് സന്തോഷം പകരുന്നു. ഇനിയും വില വര്ധിച്ചേക്കുമെന്ന പ്രതീക്ഷയിൽ, മുമ്പ് ടാപ്പിങ് നടത്താതെ കിടന്നിരുന്ന പല തോട്ടങ്ങളിലും ആളനക്കമുണ്ടാക്കിയിട്ടുണ്ട്. മറ്റ് കാര്ഷിക ഉൽപ്പന്നങ്ങൾക്ക് വിലയിടിവ് നേരിടുമ്പോഴാണ് റബർ മേഖലയിലെ ഈ കുതിപ്പ്.
കഴിഞ്ഞ നാല് വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. 60 രൂപയുണ്ടായിരുന്ന ഒട്ടുപാലിന് വില നൂറിലെത്തി. റബർ വില ഉയർന്നതോടെ ലാറ്റക്സിന്റെ വിലയിലും കാര്യമായ മാറ്റമുണ്ട്. വേനൽമഴ ശക്തി പ്രാപിച്ചതിനാൽ ഭൂരിഭാഗം തോട്ടങ്ങളിലും റെയിൻഗാർഡിങ് ജോലികൾ ആരംഭിക്കാനുള്ള തിരക്കിലാണ്. നേരത്തെ 250ന് അടുത്തുണ്ടായിരുന്ന റബര് വില നൂറിന് താഴേക്ക് പോയതോടെ റബര് കൃഷിയുടെ നിലനില്പ്പുതന്നെ പ്രതിസന്ധിയിലായിരുന്നു.
പല തോട്ടങ്ങളിലും ടാപ്പിങ് നിര്ത്തിവച്ചു. ചിലര് കുരുമുളക് ഉള്പ്പെടെയുള്ള ഇടവിളകള് പരീക്ഷിച്ചപ്പോള് റബര്കൃഷി പാടെ ഒഴിവാക്കിയ കര്ഷകരുമുണ്ട്. എന്നാല്, വില പതിയെ ഉയരുന്നത് കാര്യങ്ങള്ക്ക് മാറ്റം വരുത്തുന്നുണ്ട്. ഇറക്കുമതി കുറഞ്ഞ സാഹചര്യത്തില് വിലയില് ഇനിയും വര്ധനയുണ്ടായേക്കുമെന്ന് കർഷകർ കരുതുന്നു. അതേസമയം റബറിന് താങ്ങുവില നിശ്ചിച്ചിട്ടുണ്ടെങ്കിലും എല്ലാ കര്ഷകര്ക്കും ഇതിന്റെ പ്രയോജനം പൂര്ണതോതില് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്.