ഇന്ത്യക്കാരുടെ ഐഫോൺ ഭ്രമം ഓരോ വർഷവും വർധിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ 16 സീരീസിനും മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐഫോൺ 16 മോഡലുകളുടെ വിൽപനയിൽ കാര്യമായ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്.
രാജ്യത്തുടനീളം 18 മുതൽ 20 ശതമാനം വരെ വിൽപനയിൽ വർധനയുണ്ടായതാണ് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം കൂടുതലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഐഫോൺ 16 സീരീസ് വാങ്ങുന്നതിനായി മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ വലിയ തിരിക്കാണ് ആദ്യദിനങ്ങളിൽ ഉണ്ടായത്. ഇതിനു പുറമേ, അംഗീകൃത വിൽപ്പനക്കാരിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ആളുകൾ ഏറ്റവും പുതിയ ഐഫോണുകൾ വാങ്ങി.
ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ 10 മിനിറ്റിനുള്ളിൽ പുത്തൽ ഐഫോണുകൾ ഡെലിവർ ചെയ്യാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ വിലയിൽ മാറ്റമില്ലാതെയാണ് വിൽപനക്കെത്തിയത്. ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് മോഡലുകളുടെ വിലയിൽ കുറവും കമ്പനി വരുത്തിയിരുന്നു.
ഐഫോൺ 16 സീരീസ്, ഇന്ത്യയിലെ വില
79,900 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 16 സീരീസിന്റെ ആരംഭ വില നാല് വർഷം മുമ്പുണ്ടായിരുന്ന ഐഫോൺ 12-ന്റെ വിലയ്ക്ക് തുല്യമാണെന്നത് ശ്രദ്ധേയമാണ്. ഐഫോൺ 16 പ്രോയ്ക്ക് കഴിഞ്ഞ വർഷമുണ്ടായിരുന്ന ഐഫോൺ 15 പ്രോയേക്കാൾ 15,000 രൂപ കുറവാണ്. ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 1,19,900 രൂപയാണ്. അതേസമയം ഐഫോൺ 15 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 1,34,900 രൂപയായിരുന്നു എന്നതും ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
സവിശേഷതകൾ
ഐഫോൺ 15ന്റെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഐഫോൺ 15ന് സമാനമായ പരന്ന വശങ്ങൾ, സമാനമായ അലുമിനിയം, ടൈറ്റാനിയം ഫ്രെയിമുകൾ, സ്‌ക്രീനിലും പിന്നിലും സമാനമായ സെറാമിക് ഷീൽഡ് എന്നിവയാണ് ഐഫോൺ 16ലും, ഐഫോൺ 16 പ്രോയിലും ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളില്ല.
രണ്ട് പുതിയ ബട്ടണുകൾ ഐഫോൺ 16ൽ ലഭ്യമാണ്. നേരത്തെ പ്രോ മോഡലുകളിൽ ലഭ്യമായിരുന്ന ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എന്നിവയാണിവ. ക്യാമറ ബട്ടണ്, ആപ്പിൾ ഇതിനെ ക്യാമറ കൺട്രോൾ എന്നാണ് വിളിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഉപയോഗിക്കുന്നതിനേക്കാൾ 2 മടങ്ങ് ശക്തവും ആപ്പിൾ മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 50 ശതമാനം ശക്തവുമാണ് മുൻവശത്തെ സെറാമിക് ഷീൽഡ് എന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാൽ സ്‌ക്രീൻ വലുപ്പത്തിലും റെസല്യൂഷനിലും മാറ്റമൊന്നും ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Read More
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ