ഐഫോൺ 16 സീരീസിലെ നാലു പുതിയ ഫോണുകൾ പുറത്തിറക്കി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് പുറത്തിറക്കിയ പ്രധാന മോഡലുകൾ. ഇതിനു പുറമേ എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും പുതുക്കിയ വാച്ച് സീരീസ് 10 എന്നിവയും ആപ്പിൾ പുറത്തിറക്കി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിലാണ് ആപ്പിൾ സിഇഒ ടിം കുക്ക് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്.
ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ്
പ്രീമിയം ഡിസൈൻ, മികച്ച സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ എന്നിവയാണ് ഈ ഫോണുകളുടെ പ്രത്യേകതകൾ. 16 പ്രോയ്ക്ക് 6.3 ഇഞ്ചും, 16 പ്രോ മാക്സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. ഐഫോൺ 16 പ്രോയിൽ 48 എംപി ഫ്യൂഷൻ ക്യാമറ, 48 എംപി അൾട്രാ വൈഡ് ക്യാമറ, 12 എംപി 5 എക്സ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. സെക്കൻഡിൽ 4കെ120 ഫ്രെയിമുകളുള്ള സിനിമാറ്റിക് സ്ലോ മോഷൻ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 16 ന്റെ വില തുടങ്ങുന്നത് 799 ഡോളറിലാണ്. ഐഫോൺ 16 പ്ലസിന്റെ വില 899 ഡോളറിലും തുടങ്ങുന്നു. ഐഫോൺ 16 പ്രോയുടെ വില 999 ഡോളറാണ്. ഐഫോൺ 16 പ്രോ മാക്സിന്റെ വില 1199 ഡോളറുമാണ്.
ആപ്പിൾ സീരീസ് 10
ആപ്പിൾ വാച്ച് സീരീസ് 10 ൽ വലിയ ഡിസ്‌പ്ലേയാണ് ഉള്ളത്. വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാം. 9.7 മില്ലീമീറ്ററാണ് വാച്ചിന്റെ കനം. ആപ്പിൾ വാച്ച് സീരീസ് 10 സീരീസ് ഒൻപതിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറവാണ്. സ്ലീപ് അപ്നിയ പോലുള്ള പ്രധാന ആരോഗ്യസ്ഥിതിയെക്കുറിച്ച് ആപ്പിൾ വാച്ച് സീരീസ് 10 ഉപയോക്താക്കളെ അറിയിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ആപ്പിൾ എയർപോഡ്സ് 4
എയർപോഡ്സ് 4 മികച്ച ഓഡിയോ അനുഭവം നൽകുന്നതാണ്. മെച്ചപ്പെട്ട ഓഡിയോയും ബാസും ഉറപ്പു നൽകുന്നുണ്ട്. ആക്ടീവ് നോയ്സ് ക്യാന്‍സലേഷൻ, പഴ്സണലൈസ്ഡ് സ്പെഷൽ ഓഡിയോ, വോയ്സ് ഐസൊലേഷൻ,യുഎസ്ബി–സി, വയർലെസ് ചാർജിങ്, 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയൊക്കെ സവിശേഷതകളാണ്. എയർപോഡ്സ് 4 പതിപ്പിന്റെ വില 179 ഡോളർ ആണ്.