ജനപ്രിയ മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പവൽ ദുറോവ് ബുധനാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. അസർബൈജാനിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ബർഗെറ്റ് എയർപോർട്ടിലെത്തിയ ദുറോവിനെ ഓഗസ്റ്റ് 24ന് ഫ്രാൻസിന്റെ നാഷണൽ ആൻ്റി ഫ്രോഡ് ഓഫീസാണ് കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് ഇടപാട്, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുടെ വിതരണം, ക്രിമിനൽ ഇടപാടുകൾക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിലും, സാമ്പത്തിക കുറ്റകൃത്യങ്ങളിലും ടെലഗ്രാമിനുള്ള പങ്കാണ്, ഏജൻസി അന്വേഷിക്കുന്നത്.
എന്നാൽ, ‘ഒരു പ്ലാറ്റ്‌ഫോമോ അതിൻ്റെ ഉടമയോ പ്ലാറ്റഫോമിൽ നടക്കുന്ന ദുരുപയോഗങ്ങൾക്ക് ഉത്തരവാദികളാണെന്ന് പറയുന്നത് അസംബന്ധമാണെന്നാണ്’ ടെലഗ്രാം പ്രസ്താവനയിലൂടെ പ്രതികരിച്ചത്. ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്നു ടെലഗ്രാം വ്യക്തമാക്കി.
കേസിൽ ഇതുവരെ പവൽ ദുറോവിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, അറസ്റ്റ് ഒരു തരത്തിലും രാഷ്ട്രീയ തീരുമാനമല്ലെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിട്ടുണ്ട്. രാജ്യം അഭിപ്രായ സ്വാതന്ത്ര്യത്തോട് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2013ൽ ആരംഭിച്ച ടെലഗ്രാം, വാട്ട്‌സ്ആപ്പിനോട് സമാനമായ മെസേജിങ് അപ്ലിക്കേഷനാണ്. ഗ്രൂപ്പുകൾ സൃഷ്ടിച്ചും, ചാനലുകൾ സൃഷ്ടിച്ചും ടെലഗ്രാമിൽ ഉള്ളടക്കം പങ്കിടാം. ഉപയോക്താക്കൾ പരസ്പരം ആശയവിനിമയം നടത്തുന്നതിന് പുറമേ, വാർത്താ അപ്‌ഡേറ്റുകൾക്കായും മറ്റു സമാന പ്രവർത്തനങ്ങൾക്കായും ഉപയോക്താക്കൾ ടെലിഗ്രാമിനെ ആശ്രയിക്കുന്നു.
റഷ്യ, യുക്രൈൻ, ബ്രസീൽ, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി നിലവിൽ 90 കോടിയോളം ഉപയോക്താക്കളാണ് സേവനം ഉപയോഗിക്കുന്നത്. ഉള്ളടക്കം നിയന്ത്രിക്കുന്നതിലുള്ള പ്ലാറ്റ്‌ഫോമിൻ്റെ മൃദു സമീപനം ടെലഗ്രാമിന്റ ജനപ്രീതി വർധിപ്പിക്കാൻ ഇടയാക്കിയതായി റിപ്പോർട്ടുണ്ട്.
അക്രമം, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കമ്പനി മുൻകൈയെടുക്കുന്നുണ്ടെങ്കിലും, മയക്കുമരുന്ന് ഇടപാട് ഉൾപ്പെടെയുള്ള ഗുരുതര ഉള്ളടക്കം പങ്കിടുന്നതിനുള്ള ഒരു ഉപകരണമായി പ്ലാറ്റ്ഫോം മാറിയിട്ടുണ്ട്. ഇത്തരം, ഉള്ളടക്കം എടുത്തുകളയുന്നതിലും അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിലും ടെലിഗ്രാമിൻ്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായിട്ടില്ലെന്ന് വിവിധ സുരക്ഷാ ഏജൻസികൾ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാൻ ടെലഗ്രാമിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥനകൾ പ്ലാറ്റ്ഫോം അവഗണിച്ചതായി യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ സംഘടനകൾ ആരോപിച്ചിരുന്നു. ഇതുവരെ, 31-ലധികം രാജ്യങ്ങളിൽ ടെലിഗ്രാമിന് സ്ഥിരമായോ താൽക്കാലികമായോ നിരോധനമുണ്ട്.
ഇന്ത്യയിൽ ടെലഗ്രാമിന് നിരോധനം?
ടെലഗ്രാം മേധാവിയുടെ അറസ്റ്റിന് പിന്നാലെ ഉടലെടുത്ത ആരോപണങ്ങൾ ഇന്ത്യ പോലുള്ള വിവിധ രാജ്യങ്ങളിൽ അലയൊലികൾക്ക് കാരണമായി. നിലവിൽ സേവനത്തിന് ഇന്ത്യയിൽ നിരോധനമില്ല. എന്നാൽ ടെലിഗ്രാമിനെതിരെ എന്തെങ്കിലും പരാതികൾ നിലവിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതായി ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.