കുവൈത്ത് സിറ്റി > ആർട്ടിക്കിൾ 18 പ്രകാരം സ്വകാര്യ മേഖല വിസയുള്ള പ്രവാസികളെ കമ്പനികളിൽ പങ്കാളികളാക്കുന്നതിൽനിന്ന് വിലക്കാനുള്ള തീരുമാനം നിലവിലുള്ളവരെ ബാധിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം. മന്ത്രാലയ വക്താവ് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് വിവരം അറിയിച്ചത്.
ലൈസൻസുകൾ നിർത്തലാക്കുമെന്ന സർക്കുലർ താൽക്കാലിക നടപടി മാത്രമായിരുന്നു. എന്നാൽ പങ്കാളിത്തത്തിൽ നിലവിൽ വർധനവോ കുറവോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ ആർട്ടിക്കിൾ 18 ലായിരിക്കെ കഴിയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. മാൻപവർ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നൽകിയത്.
പലയിടങ്ങളിലും ജോലി ചെയ്യുന്ന ലേബർ കാറ്റഗറിയിലടക്കമുള്ളവർ സ്ഥാപനങ്ങളിൽ പാർട്ണർമാരാകുന്നതിലെ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം നടന്നുവരുകയാണ്. നിലവിലുള്ള ലൈസൻസുകൾ ഫലപ്രദമാണെന്നും മരവിപ്പിച്ചിട്ടില്ലെന്നും പ്രവാസി പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയന്ത്രണവും ഭേദഗതിയും വരുത്തി ഇക്കാര്യത്തിൽ ഏകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.