കോട്ടയം > കെഎസ്ആർടിസി ബസുകൾ നമ്പരുകളിൽ അറിയപ്പെടാൻ ഒരുങ്ങുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബസുകളുടെ മാതൃകയിൽ കെഎസ്ആർടിസി ബസുകൾക്കും “ഡെസ്റ്റിനേഷൻ നമ്പരുകൾ’ നൽകാനുള്ള നടപടി ആരംഭിച്ചു. ബസിന്റെ ലക്ഷ്യസ്ഥാനം ഏതാണോ, അവിടുത്തെ കോഡ് നമ്പർ ബസിന് നൽകും. ഉദാഹരണത്തിന് കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള ബസാണെങ്കിൽ, തൃശൂരിന്റെ ചുരുക്കമായ TSഉം കോഡായ 8ഉം ചേർത്ത് TS 8 എന്നായിരിക്കും ബസിന്റെ ഡെസ്റ്റിനേഷൻ നമ്പർ.
ജില്ലാ ആസ്ഥാനത്തെ ഡിപ്പോയ്ക്ക് മാത്രമല്ല, ചെറിയ ബസ് സ്റ്റാൻഡുകൾക്കും ഇത്തരത്തിൽ കോഡ് നിശ്ചയിച്ചു. പ്രധാന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, മിനി സിവിൽസ്റ്റേഷനുകൾ എന്നിവയ്ക്കും കോഡുകളുണ്ട്.
കേരളത്തിൽ ലക്ഷക്കണക്കിനുള്ള ഇതരസംസ്ഥാനക്കാരെ പരിഗണിച്ചാണ് നമ്പർ സമ്പ്രദായം കൊണ്ടുവരുന്നത്. ബോർഡ് എഴുതുന്ന സമ്പ്രദായത്തിന് മാറ്റമൊന്നുമുണ്ടാകില്ല. ബോർഡിൽ ഡെസ്റ്റിനേഷൻ നമ്പർകൂടി ഉണ്ടാകുമെന്ന് മാത്രം. ദീർഘദൂര ബസുകൾക്കാണ് ആദ്യം നമ്പർ നൽകുക. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകളിൽ തിരുവനന്തപുരത്തിന്റെ കോഡായ TV1 എന്ന് എഴുതിയിട്ടുണ്ട്. ദീഘദൂര ബസുകളിൽ അവസാന സ്റ്റോപ്പിന്റെ നമ്പരിനു പുറമെ, റൂട്ടിലുള്ള പ്രധാന ഡിപ്പോകളുടെ കോഡുകളും എഴുതിച്ചേർക്കും.