പെർത്ത്: ചാക്കോ വധക്കേസിലെ സൂത്രധാരൻ സുകുമാരക്കുറുപ്പിനെ പോലെ ഇൻഷറുൻസ് തുക തട്ടിയെടുക്കുന്നതിന് സ്വന്തം മരണം കെട്ടിചമച്ച യുവതി കോടതിയിൽ കുറ്റസമ്മതം നടത്തി.
ഓസ്‌ട്രേലിയയിലെ ജിം ഉടമയായ കാരെൻ സാൽക്കിൽഡ് (42) ആണ് വാഹനാപകടത്തിൽ മരിച്ചു എന്ന് കാണിച്ച് ഏകദേശം 500000 ഡോളർ വരുന്ന ഇൻഷുറൻസ് പേഔട്ട് ക്ലെയിം തട്ടിയെടുത്തത്.
മരണ സർട്ടിഫിക്കറ്റ്, കൊറോണർസ് കോർട്ട് ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഡെലിഗേറ്റ് ലെറ്റർ, മരണത്തെക്കുറിച്ചുള്ള അന്വേഷണ രേഖ എന്നിവ ഉൾപ്പെടെയുള്ള കൃത്രിമ രേഖകൾ ഉണ്ടാക്കുകയും പങ്കാളിയുടെ പേരിൽ ഇഷറുൻസ് തുക ക്ലെയിം ചെയ്യുകയായിരുന്നു.
യുവതി പങ്കാളിയുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഇൻഷുറൻസ് കമ്പനി 477,520 ഡോളർ ട്രാൻസ്ഫർ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അക്കൗണ്ടിൽ നിന്ന് നിരവധി പേയ്‌മെന്‍റുകളാണ് നടന്നത്. ഇതേത്തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ഫണ്ട് നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കാരെൻ പാൽമിറ പൊലീസ് സ്റ്റേഷനിലെത്തി രേഖകൾ ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി. എന്നാൽ ഈ രേഖകളിലും കൃത്രിമം കാട്ടിയതിനാൽ ബാങ്കിന്‍റെ വെരിഫിക്കേഷൻ ലഭിച്ചില്ല.
മാർച്ചിൽ അറസ്റ്റിലായ കാരെൻ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റസമ്മതം നടത്തി. വഞ്ചന കുറ്റത്തിന് ഏഴ് വർഷം വരെയാണ് തടവ് ലഭിക്കുക. പെർത്ത് ജില്ലാ കോടതി അടുത്ത മാസം ശിക്ഷ വിധിക്കും.