മെല്‍ബണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമനിര്‍മാണങ്ങള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നതിനിടെ ഓസ്‌ട്രേലിയയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് നിര്‍മിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഡീപ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയിലായി.
അമ്പതോളം വിദ്യാര്‍ഥികളുടെ നഗ്‌ന ചിത്രങ്ങളാണ് പ്രചരിച്ചത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഫെഡറല്‍ സര്‍ക്കാരും പോലീസും കാണുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എ.ഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
മെല്‍ബണിലെ പ്രശസ്തമായ സ്‌കൂളിലെ 50 വിദ്യാര്‍ഥിനികളുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കൗമാരക്കാരനാണ് ചിത്രങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
14 മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികളുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികളെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ അവരുടെ സഹപാഠികളുടെ നഗ്‌നചിത്രങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം വിക്ടോറിയയിലെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അധ്യാപികയുടെ ഡീപ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ചതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതായും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുമെന്നും സ്‌കൂള്‍ പ്രസ്താവനയില്‍ പറഞ്ഞു.
യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്ന ഡീപ്ഫേക്ക് അശ്ലീല വീഡിയോകള്‍ നിര്‍മിക്കുന്നതും അതിവേഗം പ്രചരിക്കുന്നതും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും യുകെയും അടക്കമുള്ള ലോക രാജ്യങ്ങള്‍.
എക്‌സ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സമൂഹ മാധ്യമ കമ്പനികള്‍ പറയുന്നത് തങ്ങളുടെ പ്ലാറ്റ് ഫോമുകളില്‍ അശ്ലീലചിത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ എ.ഐ സൃഷ്ടിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ അതിവേഗം പ്രചരിക്കുന്നത് തുടരുകയാണ്.
എ.ഐ സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് പോണിന്റെ ഇരകളാകുന്നത് ലോകമെങ്ങുമുള്ള സ്ത്രീകളാണ്. അതില്‍ ഹോളിവുഡിലെ സെലിബ്രിറ്റികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുണ്ട്.
അശ്ലീല വെബ് സൈറ്റുകളില്‍ പോണ്‍ വീഡിയോകള്‍ പ്രതിഫലം വാങ്ങി വില്‍പന നടത്തുന്നവര്‍ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രമുഖ നടിമാരുടെയും സാധാരണക്കാരായ സ്ത്രീകളുടെയും നഗ്ന വീഡിയോകള്‍ സൃഷ്ടിച്ച് ഒരേ സമയം പണമുണ്ടാക്കുകയും അതേസമയം പ്രതികാരം വീട്ടുകയും ചെയ്യുന്നു.
യഥാര്‍ത്ഥ ചിത്രത്തിലെയോ വീഡിയോയിലെയോ ആളുകളുടെ മുഖം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാറ്റി, മറ്റ് വ്യക്തികളുടെ മുഖം ചേര്‍ത്തുവെച്ചാണ് ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രശ്മിക മന്ദാന, കത്രീന കൈഫ്, നോറ ഫത്തേഹി തുടങ്ങിയ അഭിനേതാക്കളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.