ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഈ വേനലിലെ ആദ്യത്തെ ഉഷ്‌ണതരംഗം അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓസ്‌ട്രേലിയയുടെ പകുതിയോളം ഇടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് കാലാവസ്ഥാ കേന്ദ്രം.
NSWൽ മിക്കയിടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നയിപ്പുകൾ നിലവിലുണ്ട്.
ക്വീൻസ്ലാൻറ്റ്, സൗത്ത് ഓസ്‌ട്രേലിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, ACT എന്നീ പ്രദേശങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പുകളുണ്ട്.
പലയിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ താപനില ഉയരാം. ചിലയിടങ്ങളിൽ ഇതിനോടകം 45 ഡിഗ്രി താപനില റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചവരെയാണ് ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പുകൾ ഏറ്റവും കൂടുതൽ.
കഠിന ചൂട് മൂലം ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതായും മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
65 വയസിന് മുകളിൽ പ്രായമുള്ളവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ തുടങ്ങി ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉഷ്‌ണതരംഗത്തിന് പിന്നാലെ പലയിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുള്ളതായി ബ്യുറോ ഓഫ് മീറ്റിയറോളജി പ്രവചിക്കുന്നു.
വാരാന്ത്യത്തിൽ സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള മുന്നറിയിപ്പുണ്ട്.