തുടക്കം ഫ്രീ സർവീസ്, പിന്നെ പെയിഡ് സർവീസ് ഇതാണ് കുറച്ചുകാലമായി ടെക് സേവനങ്ങളിൽ നടക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളും സേവനങ്ങളും, ആദ്യം സൗജന്യമായി ഉപയോക്താക്കളിൽ എത്തും. പിന്നീട് ആളുകൾ സേവനം കുടുതലായി ഉപയോഗിക്കുന്നതായും, അതൊരാവശ്യമായി മാറുകയും ചെയ്തുന്നതായി മനസിലാക്കിയാൽ പതിയെ വില ഈടാക്കാൻ തുടങ്ങും, ഇതാണ് പൊതുവെ കണ്ടുവരുന്ന രീതി. ജിയോ അൺലിമിറ്റഡ് ഡാറ്റ, ഫോൺ പേ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ നിരവധി സേവനങ്ങളാണ് ഇത്തരത്തിൽ പണമീടാക്കുന്നത്. കമ്പനികൾക്ക് ഇത്തരം സേവനങ്ങൾക്ക് പണം ഈടാക്കുന്നതിൽ കൃത്യമായ ന്യായമുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ ഈ കച്ചവട തന്ത്രത്തിൽ അകപ്പെട്ടെന്നു മനസിലാക്കുമ്പോഴേക്കും നമ്മൾ ടെക് കമ്പനികളുടെ സേവനത്തെ അമിതമായി ആശ്രയിക്കാൻ തുടങ്ങിയിരിക്കും. ഈ പാതയിലാണ് വാട്സ്ആപ്പിന്റെയും സഞ്ചാരം.
ബാക്കപ്പ് സേവനങ്ങൾക്ക് പണം ഈടാക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നിലവിൽ സൗജന്യമായി ലഭിക്കുന്ന സേവനത്തിനാണ് ഇനിമുതൽ മാസവരിസംഖ്യ നൽകേണ്ടി വരിക. ആൻഡ്രോയിഡിലെ വാട്‌സ്ആപ്പ് ബിസിനസ് ബീറ്റ 2.23.24.21 വെർഷൻ അപ്‌ഡേറ്റിൽ, വാട്ട്‌സ്ആപ്പ് ബാക്കപ്പുകൾക്കായി അൺലിമിറ്റഡ് സ്‌റ്റോറേജ് ക്വാട്ട നൽകുന്നത് നിർത്താനാണ് വാട്ട്‌സ്ആപ്പും ഗൂഗിളും തയ്യാറെടുക്കുന്നത്.
ഒരു പ്രധാന മുന്നറിയിപ്പ് എന്ന നിലയിൽ, മറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ വാട്സ്ആപ്പ് ബാക്കപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് സമാനമായി, ആൻഡ്രോയിഡ് വാട്സ്ആപ്പ് ബാക്കപ്പുകൾ ഉടൻ തന്നെ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ക്ലൗഡ് സ്റ്റോറേജ് പരിധിയിലേക്ക് മാറാൻ തുടങ്ങും. ഈ മാറ്റം 2023 ഡിസംബർ ആദ്യത്തോടെ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കും പിന്നീട് ക്രമേണ അടുത്ത വർഷം ആദ്യം മുതൽ ആൻഡ്രോയിഡിലെ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലും എത്തുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ പങ്കുവച്ചു.
2023 ഡിസംബർ മുതൽ, വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് മാറ്റം അനുഭവപ്പെടും. തുടർന്ന് 2024-ന്റെ തുടക്കത്തിൽ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലും ഈ മാറ്റം എത്തും. ഡ്രൈവ്, ജിമെയിൽ, ഫോട്ടോസ് എന്നിവയ്ക്കെല്ലാമായി ലഭിക്കുന്ന 15GB സൗജന്യ സ്റ്റോറേജിലേക്ക് വാട്സ്ആപ്പ് ബാക്കപ്പും ഉൾപ്പെടുത്തും. പരിധിയിൽ എത്തുന്ന ഉപയോക്താക്കൾക്ക് ബാക്കപ്പുകൾ തുടരാൻ നിലവിലെ ഡാറ്റ ഡിലീറ്റ് ആക്കുകയോ, അധിക സ്റ്റോറേജിനായി ഗൂഗിൾ വൺ ഉപയോഗിക്കുകയോ ചെയ്യാം. മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ആൻഡ്രോയിഡ് ബാക്കപ്പ് വിന്യസിക്കുകയും വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന 15GB സൗജന്യ ക്ലൗഡ് സ്റ്റോറേജിൽ ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ തുടർന്നും ഉണ്ടായിരിക്കും. ഈ പരിധി കവിയുന്നവർക്ക്, അനാവശ്യ ചാറ്റുകളോ മീഡിയയോ ഡിലീറ്റാക്കി സ്പോസ് സൃഷ്‌ടിച്ച് പണം നൽകാതെ സേവനം തുടരാം. അല്ലെങ്കിൽ, ഗൂഗിൾ വൺ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്‌ത് അധിക സ്‌റ്റോറേജ് തിരഞ്ഞെടുക്കാം, ഏറ്റവും ചിലവ് കുറഞ്ഞ പ്രതിമാസ തുക 100GBക്ക് 130 രൂപയാണ്.
Check out More Technology News Here
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ