ജനപ്രിയ മെസഞ്ചർ ആപ്പായ വാട്സ്ആപ്പിൽ ആകർഷകമായൊരു പുതിയ ഫീച്ചർ കൂടി ആരംഭിക്കുന്നു. പ്രശസ്തമായ ഡിസ്കോർഡ് ആപ്പിന് സമാനമായ രീതിയിൽ, ഗ്രൂപ്പുകളിൽ വോയ്സ് ചാറ്റുകൾക്കായി പുതിയൊരു ഫീച്ചർ വാട്സ്ആപ്പും ആരംഭിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ഇത് വോയ്‌സ് കോളുകളോടും വോയ്‌സ് നോട്ടുകളോടും സാമ്യമുള്ളതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ പഴയ ഗ്രൂപ്പ് കോളുകളുമായാണ് ഇതിന് കൂടുതൽ സാമ്യമുള്ളത്.
പ്രധാന കാര്യം എന്താണെന്ന് വച്ചാൽ, ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും കോൾ അല്ല പോവുക. പകരം സൈലന്റായ പുഷ് നോട്ടിഫിക്കേഷനാണ് വരിക. ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾക്കനുസരിച്ച്, സൌകര്യം പോലെ പിന്നീട് ഇതിൽ ജോയിൻ ചെയ്യാനാകും. എപ്പോൾ വേണമെങ്കിലും ചാറ്റിൽ വരികയും പുറത്തുപോവുകയും ചെയ്യാനാകും.
കോൾ കൺട്രോളർ ഗ്രൂപ്പ് ചാറ്റിന് മുകളിലായാണ് പ്രത്യക്ഷപ്പെടുക. വോയ്സ് ചാറ്റ് നടത്തുമ്പോഴും ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാൻ കൂടി ഇതുവഴി സൌകര്യമൊരുക്കും. ഗ്രൂപ്പ് അംഗങ്ങൾക്ക് വോയ്സ് ചാറ്റിന്റെ ബാനറിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുകൾ കാണാം. അതുപോലെ പങ്കെടുക്കാത്ത ആളുകൾക്കും ചാറ്റിൽ ഏതൊക്കെ പ്രൊഫൈലുകൾ പങ്കെടുക്കുന്നുണ്ടെന്ന് ചാറ്റ് ഹെഡ്ഡറിലും കാൾസ് ടാബിലും കാണാം.
ആദ്യം വോയ്സ് ചാറ്റ് തുടങ്ങാൻ സ്ക്രീനിന്റെ വലതുവശത്ത് കാണുന്ന വേവ് രൂപത്തിലുള്ള ഐക്കണിൽ തൊടുക. എന്നിട്ട് സ്റ്റാർട്ട് വോയ്സ് ചാറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. പിന്നീട് വോയ്സ് ചാറ്റിൽ നിന്ന് പുറത്തുപോകാൻ ഗ്രൂപ്പ് ചാറ്റിന്റെ വലതുമൂലയിലുള്ള ‘X’ ഐക്കണിൽ ക്ലിക്ക് ചെയ്യണം. നിലവിൽ 33 മുതൽ 128 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് വോയ്സ് ചാറ്റ് ബാധകമായിട്ടുള്ളത്.
അവസാനത്തെ ആളും പോയി കഴിഞ്ഞ് ഒരു മണിക്കൂറിനകം വോയ്സ് ചാറ്റ് ഓട്ടോമാറ്റിക്കായി അവസാനിക്കും. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൌകര്യമുള്ളതിനാൽ ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമെ ഇത് ഉപയോഗിക്കാനാകൂ. നിങ്ങളുടെ സ്വകാര്യത മറ്റാർക്കും നിരീക്ഷിക്കാനാകില്ലെന്ന് ചുരുക്കം.
ഓഗസ്റ്റിൽ ബീറ്റ വേർഷനിലാണ് ചുരുക്കം ചില ഉപയോക്താക്കൾക്ക് മാത്രമായി ആദ്യമായി വോയ്സ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ ഫീച്ചർ ഏതാനും ദിവസങ്ങൾക്കകം എല്ലാവർക്കുമായി ലഭ്യമാക്കാനാണ് വാട്സാപ്പിന്റെ തീരുമാനം. അധികം വൈകാതെ തന്നെ എല്ലാവരുടെ ഫോണിലും ഈ ഫീച്ചർ ലഭ്യമായി തുടങ്ങും.