ന്യൂഡല്‍ഹി: യാത്രികരുമായി ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുന്ന ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ആദ്യ പറക്കലിന് തയ്യാറെടുക്കുകയാണ്. ദൗത്യത്തിന് തയാറെടുക്കുന്നതിന് മുന്നോടിയായി വാലിഡേഷന്‍, വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ബോയിങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി നാസ അറിയിച്ചു.
ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നാസയുടെ കരാര്‍ 2014 ല്‍ സ്പേസ് എക്സിനും ബോയിങ്ങിനും ലഭിച്ചിരുന്നു. നാസയ്ക്കായി സ്പേസ് എക്സ് ഇതിനകം എട്ട് ദൗത്യങ്ങള്‍ ബഹിരാകാശ നിലയത്തിലേക്ക് നടത്തിയിട്ടുണ്ട്, എന്നാല്‍ ബോയിംഗ് ഇതുവരെ ഒന്നും നടത്തിയിട്ടില്ല.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ഈ വര്‍ഷം ജൂലൈയില്‍ ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വിക്ഷേപണത്തിന് തയാറെടുത്തിരുന്നു. എന്നാല്‍ വിക്ഷേപണം 2023 മാര്‍ച്ചിലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, 2024 ഏപ്രിലില്‍ വിക്ഷേപണം ഉറപ്പായും നടത്താമെന്നാണ് കരുതുന്നത്. ക്രൂ റൊട്ടേഷനുകളും കാര്‍ഗോ പുനര്‍വിതരണ ദൗത്യങ്ങളും ഉള്‍പ്പെടുന്നതാണിത്. ദൗത്യത്തിനായ് ബോയിംഗിന് നാസ 4.2 ബില്യണ്‍ ഡോളറാണ് കരാര്‍ നല്‍കിയപ്പോള്‍ സ്‌പേസ് എക്‌സിന് 2.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് നല്‍കിയത്. ക്രൂഡ് സ്റ്റാര്‍ലൈനര്‍ ദൗത്യം വിക്ഷേപിക്കുന്നതില്‍ ഒരുതവണ കമ്പനി പരാജയപ്പെട്ടെങ്കിലും, ഇത്തവണ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ കൃത്യമായ് പ്രവര്‍ത്തിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യങ്ങള്‍ വിക്ഷേപിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിനെ മാത്രമാണ് നാസ ആശ്രയിച്ചിരുന്നത്.
സ്റ്റാര്‍ലൈനറിന്റെ ഇത്രയും കാലത്തെ ദൗത്യങ്ങള്‍ പോലെയല്ല ഇത്. 2022 മെയ് 21-ന് ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത ഓര്‍ബിറ്റല്‍ ഫ്‌ലൈറ്റ് ടെസ്റ്റ്-2 ഉള്‍പ്പെടെ, ആളില്ലാത്ത രണ്ട് ഫ്‌ലൈറ്റ് ടെസ്റ്റുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുമ്പ് അത് ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചില്‍ ലാന്‍ഡ് ചെയ്യുന്നതിനായി നാല് ദിവസം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ഈ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ദൗത്യം വൈകാന്‍ കാരണം സ്റ്റാര്‍ലൈനറിന്റെ ക്യാപ്സ്യൂള്‍ സംവിധാനത്തില്‍ ചില പ്രശ്നങ്ങള്‍ ബോയിംഗ് കണ്ടെത്തിയതാണ്. കത്തുപിടിക്കാന്‍ സാധ്യതയുള്ള ടേപ്പ് കഷ്ണങ്ങള്‍ പേടകത്തില്‍ ഉണ്ടായതാണ് തിരിച്ചടിയായത്.
ബഹിരാകാശ പേടകത്തില്‍ പാരച്യൂട്ടുകള്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്ന് നാസ അറിയിച്ചു. കൂടാതെ, ബഹിരാകാശ പേടകത്തിലെ ക്രൂ കമ്പാര്‍ട്ട്മെന്റിനു മുകളിലെ ഡോമില്‍ നിന്ന് ടേപ്പ് നീക്കംചെയ്യുന്നത് ബോയിംഗ് പൂര്‍ത്തിയാക്കി, താഴത്തെ ഡോമിലെ ടേപ്പ് നീക്കംചെയ്യുന്നതിനും ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാസ അറിയിച്ചു.