നാഷ്വിൽ > ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ പതിമൂന്നാമത് ദ്വൈവാർഷിക സമ്മേളനം നാഷ്വിലിൽ നടക്കും. വെള്ളി, ശനി, ഞായർ (ഓക്ടോബർ 20-22) ദിവങ്ങളിൽ നൂറോളം വരുന്ന പ്രതിനിധികൾ ആശൻ നഗറിൽ (റസിഡൻസ് ഇൻ ബൈ മാരിയറ്റ് നാഷ്വിൽ) ഒത്തുകൂടും. സാഹിത്യകാരൻ കെ പി രാമനുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും. “സാഹിത്യത്തിന്റെ ജനിതകം: കഥ, കവിത, നോവൽ വിചിന്തനങ്ങൾ” എന്ന വിഷയത്തിൽ രാമനുണ്ണി പ്രബന്ധം അവതരിപ്പിക്കും. സമകാല അമേരിക്കൻ മലയാള സാഹിത്യത്തിന്റെ 25 വർഷങ്ങൾ അടയാളപ്പെടുത്തി ലാന പ്രസിദ്ധീകരിക്കുന്ന “നടപ്പാത” എന്ന പുസ്തകവും സമ്മേളനത്തിൽ പ്രകാശനം ചെയ്യും. കഥ, കവിത, നോവൽ, നാടകം, പുസ്തകപരിചയം തുടങ്ങിയ വിവിധ സെഷനുകൾ നടക്കും.
വെള്ളി വൈകിട്ട് കവിയരങ്ങും ഡാലസ് ടെക്സസിലെ ഭരതകലാ തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന “ആശാൻ സ്നേഹഗായകൻ” കാവ്യശില്പവും നടക്കും. ശനി വൈകീട്ട് നാഷ്വിൽ ചെണ്ട ഗ്രൂപ്പും ഡിട്രോയ്റ്റ് കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചാരി മേളവും നാഷ്വില്ലിലെ സംഗീതഗ്രൂപ്പ് അവതരിപ്പിക്കുന്ന “സംഗീതസന്ധ്യയും” അരങ്ങേറും.