കൊട്ടാരക്കര > ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ് എൽഎൽപിയുടെ പ്രവർത്തനം കുളക്കട അസാപിൽ ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. അസാപ് സിഎംഡി ഉഷ ടൈറ്റസ് അധ്യക്ഷയായി. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കടുക്കാല, ബിന്ദു ജി നാഥ്, ആർ പ്രശാന്ത്, അമേരിക്ക ആസ്ഥാനമായ ജി ആർ എട്ട് അഫിനിറ്റി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫ്രാങ്ക് പാട്രി, ഇന്ത്യൻ ഡയറക്ടർ അനീഷ് നങ്ങേലിൽ, എച്ച് ആർ ഹെഡ് അനന്തേഷ് ബിലാവ്, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂബ് അംബിക, കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.
കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ സാധ്യതയുടെ വാതിലുകൾ തുറന്നാണ് കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ് മേഖലയിലേക്ക് എൻറോൾഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്ന പദ്ധതി അസാപ് നടപ്പാക്കിയിരുന്നു. കുളക്കട അസാപ് സ്കിൽപാർക്ക് സെന്ററിൽ ആദ്യം പരിശീലനം ലഭിച്ച 30 പേരിൽ 25 പേർക്കും ജോലി ലഭിച്ചു. ഇവരിൽ 18 പേരെയാണ് ജിആർ എട്ട് ശാഖയിലേക്ക് തെരഞ്ഞെടുത്തത്. കമ്പനി എല്ലായിടത്തും നൽകുന്ന അതേശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.