ഓസ്‌ട്രേലിയൻ പാർലമെന്റിൽ ആദിമ വർഗ്ഗക്കാർക്ക് ഒരു സ്ഥിരം സമിതിക്കായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നില്ല എന്ന് ഓസ്‌ട്രേലിക്കാർ റഫറണ്ടത്തിൽ വോട്ട് ചെയ്തു.
രാജ്യത്തെ ആറു സംസ്ഥാനങ്ങളും നോർത്തേൺ ടെറിട്ടറിയും ‘വോയിസ് ടു പാർലമെന്റ്’ എന്ന ആശയത്തിനെതിരെ വോട്ട് ചെയ്തു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ മാത്രമാണ് ‘യെസ്’ വോട്ട് വിജയിച്ചത്.
രാജ്യത്ത് രേഖപ്പെടുത്തിയ ആകെ വോട്ടുകളിലും ‘നോ’ വോട്ടുകൾ മുന്നിട്ട് നിൽക്കുന്നു എന്നാണ് ഇതുവരെയുള്ള കണക്കുകൾ.
റഫറണ്ടം പരാജയപ്പെട്ടെങ്കിലും, വോട്ടെടുപ്പിന്റെ ഫലം ഓസ്‌ട്രേലിയക്കാരെ നിർവചിക്കുന്ന ഒന്നല്ല എന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പറഞ്ഞു. ഇത് ഭിന്നിപ്പിന് കരണമാകില്ല എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും സഹകരണത്തോടെ അനുരഞ്ജനത്തിനായി മറ്റു മാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയക്കാരുടെ ഐക്യത്തിനായി പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റൻ ആവശ്യപ്പെട്ടു. റഫറണ്ടം ആനാവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയക്കാരെ ഭിന്നിപ്പിക്കാനുള്ളതല്ല മറിച്ച് ഐക്യപ്പെടുത്താൻ വേണ്ടിയുള്ള നിർദ്ദേശമായിരുന്നു റഫറണ്ടത്തിൽ വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഫറണ്ടം പരാജയപ്പെട്ടതിന് പിന്നാലെ ചില ആദിമ വർഗ ഓസ്‌ട്രേലിയക്കാർ ഒരാഴ്ച നീളുന്ന മൗനം ആചരിക്കും.
റഫറണ്ടം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി അടുത്ത നടപടി എന്തായിരിക്കും എന്നതാണ് നിരവധിപ്പേർ അന്വേഷിക്കുന്നത്.
ആദിമ വർഗ നേതാക്കളുടെ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആദിമവർഗ മന്ത്രി ലിൻഡ ബേർണി പറഞ്ഞു.
ആദിമ വർഗ്ഗക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നടപ്പിലാക്കി കാണിക്കുന്നതിനാണ് ഓസ്‌ട്രേലിയക്കാർ മുൻഗണന നൽകുന്നതെന്ന് പ്രമുഖ ‘നോ’ ക്യാമ്പയിൻ നേതാവ് ന്യുങ്കായി വാറൻ മുണ്ടെയ്ൻ ചൂണ്ടിക്കാട്ടി.
റഫറണ്ടം ഫലത്തിൽ നിന്ന് ഇത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ചില ആദിമ വർഗ സമൂഹങ്ങൾ നേരിടുന്ന അക്രമങ്ങൾ, ദുരുപയോഗം, നിർബന്ധിത നിയന്ത്രണം, അപകടകരമായ പെരുമാറ്റം എന്നിവ കണ്ടില്ലെന്ന് നടിക്കുന്ന പ്രവണത അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.