ദമ്മാം > പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ എഴുത്തുകാരനും ചിന്തകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഐപിബി ഡയറക്ടർ മജീദ് അരിയല്ലൂരും നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കും. 27 ന് നടക്കുന്ന സാഹിത്യോത്സവിൽ ‘യുവതലമുറയുടെ സംവാദാത്മകത; രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത’ എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും. കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക മാധ്യമ പൊതു പ്രവർത്തകർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. സാംസ്കാരിക സദസ്സ് കെ ഇ എന്നും സമാപന സമ്മേളനം മജീദ് അരിയല്ലൂരും ഉദ്ഘാടനം ചെയ്യും.
കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോത്സവിന്റെ സംഘാടകർ. സമാപന പരിപാടിയിൽ വിവിധ ഇനങ്ങളിലായി 700 പേർ മത്സരിക്കും. 27ന് ദമ്മാമിൽ നടക്കുന്ന സൗദി ഈസ്റ്റ് സാഹിത്യോത്സവിൽ അൽ ജൗഫ്, ഖസീം, ഹായിൽ, റിയാദ് സിറ്റി, റിയാദ് നോർത്ത്, അൽ അഹ്സ, ദമ്മാം, അൽ ഖോബാർ, ജുബൈൽ തുടങ്ങിയ ഒമ്പത് സോണുകളിൽ നിന്ന് മൽസരാർഥികളെത്തും.
സ്വാഗതസംഘം ചെയർമ്മാൻ അഷ്റഫ് പട്ടുവം, ജനറൽ കൺവീനർ ഹബീബ് ഏലംകുളം, ജോയിന്റ് കൺവീനർ ഇഖ്ബാൽ വെളിയങ്കോട്, ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി, നാഷനൽ കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നാഷനൽ മീഡിയ സെക്രട്ടറി അനസ് വിളയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു