തിരുവനന്തപുരം
ആയുഷ് മിഷനിലെ താൽക്കാലിക നിയമനത്തിന് ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം വാർത്തയായതിനു പിന്നിലും ഗൂഢാലോചനയെന്ന് സമ്മതിച്ച് പ്രതികൾ. കേസിൽ അറസ്റ്റിലായ ബാസിതിനെയും റയീസിനെയും അഖിൽ സജീവനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, കൈക്കൂലി ആരോപണം ഉന്നയിക്കാനുള്ള കാരണവും ഗൂഢാലോചനയ്ക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നത് സംബന്ധിച്ചും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ബാസിത്, റയീസ്, ലെനിൻരാജ്, ഹരിദാസൻ എന്നിവർ ഒരുമിച്ചിരുന്നാണ് ‘കൈക്കൂലി ആരോപണം’ വാർത്തയാക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. മലപ്പുറത്തെയും മഞ്ചേരിയിലെയും ബാറുകളിലാണ് ഗൂഢാലോചന നടന്നത്. വാർത്ത വന്നതിനുശേഷവും ഇവിടെ ഒത്തുകൂടി. ബാസിതിന്റെയും റയീസിന്റെയും നിർദേശപ്രകാരമാണ് ഹരിദാസൻ മന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ചത്. ബാസിതാണ് ഒരു ചാനലിൽ ഇത് വാർത്തയാക്കാമെന്ന ഉറപ്പ് നൽകിയത്. ബാസിതിന്റെ ക്ഷണപ്രകാരം ചാനൽ റിപ്പോർട്ടർ ഹരിദാസനെ കണ്ടു. ഗൂഢാലോചന നടന്ന ജൂൺമുതൽ പ്രതികളിൽ ചിലർ മാധ്യമപ്രവർത്തകനെ വിളിച്ചിട്ടുണ്ട്.
വാർത്തവന്ന ദിവസം അഖിൽ സജീവനൊഴികെയുള്ളവർ മലപ്പുറത്ത് പെരിന്തൽമണ്ണ റോഡിലുള്ള ബാറിൽ കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ഉന്നത നേതാവിന്റെ ഓഫീസിലേക്കെന്ന് വിശ്വസിപ്പിച്ച് ബാസിത് ഫോൺ ചെയ്തിരുന്നുവെന്ന് ഹരിദാസ് മൊഴി നൽകിയിട്ടുണ്ട്. ആ ദിവസം പ്രതികൾ ആരെയെല്ലാം വിളിച്ചിരുന്നു എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം ബാസിതുമായി മലപ്പുറത്തെത്തിയ പൊലീസ് തെളിവെടുപ്പിനുശേഷം മടങ്ങി.