മനാമ > ഗാസയിലെ ജനങ്ങൾക്കെതിരെ സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രയേൽ) ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, സ്ഥിതിഗതികൾ നിയന്ത്രിക്കാനും സംഘർഷങ്ങൾ വിപുലീകരിക്കാതിരിക്കാനും ആർക്കും ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയൻ.
ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹിസ്ബുള്ള യുദ്ധത്തിൽ ചേരുകയാണെങ്കിൽ മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രായേലിനെ ‘വലിയ ഭൂകമ്പത്തിന്’ വിധേയമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് യുദ്ധത്തിന്റെ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടുണ്ടെന്നും ഗാസയ്ക്കെതിരായ ആക്രമണം ഇസ്രായേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അമിറാബ്ദുള്ളാഹിയൻ ബെയ്റൂട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാഖ്, ലെബനൻ, സിറിയ സന്ദർശത്തിന്റെ ഭാഗമായാണ് ഇറാൻ വിദേശ മന്ത്രി ഖത്തറിൽ എത്തിയത്. അമീറിന് പുറമെ, ദോഹയിൽ ഖത്തർ വിദേശ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കടുത്ത ഉപരോധത്തിൽ കഴിയുന്ന ഗാസ മുനമ്പിൽ ഇസ്രായേൽ പലസ്തീനികളെ ക്രൂരമായി കൂട്ടക്കൊല ചെയ്യുന്നതിനെ അദ്ദേഹം അപലപിച്ചു. പലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ തുടർന്നാൽ പ്രാദേശിക സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് പലസ്തീനികളെ ഇസ്രായേലി ഭരണകൂടം ദിനംപ്രതി കൂട്ടക്കൊല ചെയ്യുന്നത് അസഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച രാത്രി ഖത്തർ അമീറുമായി ഫോണിൽ ചർച്ച നടത്തി. ഗാസ മുനമ്പിൽ ഇസ്രയേൽ നടപടികൾ യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും തുല്യമാണെന്നും അന്താരാഷ്ട്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ പ്രസിഡന്റ് പറയുന്നു. ഇസ്രായേൽ അതിക്രമങ്ങൾക്ക് യുഎസും മറ്റ് സഖ്യകക്ഷികളും ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.