മാന്നാർ
നാല് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അച്ഛൻ ജീവനൊടുക്കി. മാന്നാർ പഞ്ചായത്ത് 11–-ാം വാർഡിൽ കുട്ടമ്പേരൂർ ഗുരുതിയിൽ വടക്കേതിൽ കൃപാസദനം ഡെൽവിൻ ജോൺ ആണ് കൊല്ലപ്പെട്ടത്. അച്ഛൻ മിഥുൻകുമാർ (ജോൺ –- 34)നെ മരിച്ച നിലയിൽ കണ്ടെത്തി. മിഥുൻ എഴുതിയതെന്ന് കരുതുന്ന കത്ത് മുറിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ടെന്നും മോനെ പിരിയാൻ വയ്യാത്തതുകൊണ്ട് അവനെയും കൂട്ടുന്നു…എന്നാണ് കത്തിൽ. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഞായർ രാവിലെ ഒമ്പതിനാണ് സംഭവം. മിഥുന്റെ മാതാപിതാക്കളായ സൈമണും സൂസനും രാവിലെ പള്ളിയിൽപോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച മിഥുൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും മിഥുൻ കെട്ടിത്തൂങ്ങിയ സാരി പൊട്ടി നിലത്തുവീണ നിലയിലുമായിരുന്നു.ഭാര്യ സെലിൻ ഒന്നരവർഷമായി സൗദിയിൽ നഴ്സാണ്. 10 വർഷം ഗൾഫിൽ ജോലി ചെയ്ത മിഥുൻ അഞ്ച് വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇപ്പോൾ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയുമായി ശനിയാഴ്ച മിഥുനും മകനും വീഡിയോ കോളിൽ ഏറെനേരം സംസാരിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു, എസ്ഐ സി എസ് അഭിരാം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.