വിദേശ ഓപ്പറേറ്റർമാർ വാരാവസാനം നിക്ഷേപകന്റെ മേലങ്കി അണിഞ്ഞ് ഓഹരി വാങ്ങലുകാരായത് മാസത്തിന്റെ രണ്ടാം പകുതിയിൽ ഇൻഡക്സുകൾക്ക് തിളക്കം സമ്മാനിക്കുമെന്ന പ്രതീക്ഷയിൽ പ്രാദേശിക ഇടപാടുകാർ. വിജയദശമി വേളയിൽ വെടികെട്ടിനുള്ള തയ്യാറെടുപ്പായി ബുൾഓപ്പറേറ്റർമാർ വിലയിരുത്തുന്നു. നിഫ്റ്റി 20,000 പോയിന്റിലേയ്ക്ക് നവരാത്രി വേളയിൽ ഉയർന്നാൽ ദീപാവലിയുടെ വെടിക്കെട്ട് നിഫ്റ്റിയെ 20,300 ലേയ്ക്കും ഉയർത്താം.
നിഫ്റ്റി റിയാലിറ്റി സൂചിക 4.3 ശതമാനം മുന്നേറിയപ്പോൾ ഓട്ടോ, എഫ് എം സി ജി മീഡിയ സൂചികയും ഏകദേശം രണ്ട് ശതമാനം ഉയർന്നു. അതേ സമയം നിഫ്റ്റി പി എസ് യു ബാങ്ക്, ഇൻഫർമേഷൻ ടെക്നോളജി സൂചികൾക്ക് തിരിച്ചടി. മുൻ നിര ഓഹരിയായ ടാറ്റാ മോട്ടേഴ്സ്, മാരുതി, എം ആൻറ് എം, ആർ ഐ എൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച് യു എൽ, വിപ്രോ, എച്ച് സി എൽ ടെക്, എയർടെൽ, ഐ റ്റി സി, സൺ ഫാർമ്മ ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി.
വിദേശ ഫണ്ടുകൾ 2023 ൽ ഇതിനകം 1,10,735 കോടി രൂപയുടെ ഓഹരികൾ ഇന്ത്യയിൽ നിന്നും ശേഖരിച്ചു. വെളളിയാഴ്ച്ച അവർ 317 കോടി രൂപ നിക്ഷേപിച്ചു. മറ്റ് ദിവസങ്ങളിൽ വിൽപ്പനക്കാരായി നിലകൊണ്ട് 4288 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബോംബെ സെൻസെക്സ് പിന്നിട്ടവാരം 287 പോയിന്റ് ഉയർന്നു. സെൻസെക്സിലെ ഉണർവിനിടിയിൽ ഹെവി വെയിറ്റ് ഓഹരികൾ സ്വന്തമാക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. വാരാരംഭത്തിൽ സൂചിക 65,995 ൽ നിന്നും 65,480 ലേയ്ക്ക് തളർന്ന അവസരത്തിനാണ് വാങ്ങൽ താൽപര്യം ഉടലെടുത്തത്. ഇതോടെ കരുത്ത് നേടി വിപണി 66,592 പോയിന്റ് വരെ ഉയർന്നങ്കിലും ക്ലോസിങിൽ 66,282 ലാണ്. നിഫ്റ്റി 19,653 പോയിന്റിൽ നിന്നും 19,843 വരെ കയറി. ഇതിനിടയിൽ 19,496 ലേയ്ക്ക് സാങ്കേതിക തിരുത്തലും കാഴ്ച്ചവെച്ചു. വാരാന്ത്യം നിഫ്റ്റി 19,751 പോയിന്റിലാണ്. നിഫ്റ്റി സൂചിക 97 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. ഈവാരം നിഫ്റ്റി 19,897 നെ ലക്ഷ്യമാക്കാം.
പ്രതികൂല വാർത്തകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായാൽ സൂചിക 20,043 നെ ഉറ്റു നോക്കും. വിപണിയുടെ താങ്ങ് 19,550 ലാണ്. വിദേശ നാണയ കരുതൽ ശേഖരം ഒക്ടോബർ ആറിന് അവസാനിച്ച വാരം 2.16 മില്യൻ ഡോളർ കുറഞ്ഞ് 487.74 ബില്യൻ ഡോളറായി. കഴിഞ്ഞ അഞ്ച് ആഴ്ച്ചകളിൽ കരുതൽ ധനത്തിലുണ്ടായ ഇടിവ് 14.15 മില്യൻ ഡോളറാണ്. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 83.24 ൽ നിന്നും ഒരുവേള 83.12 ലേയ്ക്ക് കരുത്ത് നേടിയെങ്കിലും പിന്നീട് 83.27 ലേയ്ക്ക് ദുർബലമായി. വ്യാപാരാന്ത്യം രൂപ 83.24 ലാണ്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1832 ഡോളറിൽ നിന്ന് 1884 ഡോളറിലെ പ്രതിരോധം മറികടന്ന് 1900 ഡോളറിലെ നിർണ്ണായക തടസവും ഭേദിച്ച് 1933 ലേയ്ക്കും കുതിച്ചു. പോയവാരം സ്വർണ വില ഔൺസിന് 101 ഡോളർ ഉയർന്നു.