മനാമ> ഗാസയില് ഇസ്രയേല് ആക്രമണത്തിനിടെ റഷ്യന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല് ബോഗ്ദാനോവ് അടുത്താഴ്ച ഖത്തറിലെത്തി ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്ട്ട്. ഇസ്രയേല് ആക്രമിച്ച് ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യയുടെ ആര്ഐഎ നോവോസ്തി വാര്ത്താ ഏജന്സി അറിയിച്ചു.
ഹമാസ് തയ്യാറാണെങ്കില്, തങ്ങള് സമ്പര്ക്കത്തിന് അനുകൂലമാണെന്നും ബന്ദികളെ മോചിപ്പിക്കുന്നത് ഉള്പ്പെടെ പ്രായോഗിക പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഈ സാഹചര്യത്തില് യോഗം ഉപയോഗപ്രദമാകുമെന്നും മിഖായേല് ബോഗ്ദാനോവ് പറഞ്ഞു.
ഇസ്രായേലി, പലസ്തീന് അധികാരികളുമായി റഷ്യക്ക് അടുത്ത ബന്ധമാണ് ഉള്ളത്. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്താന് റഷ്യ സഹായിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബോഗ്ദാനോവിന്റെ അറിയിപ്പുണ്ടായത്. ഗാസയില് ഇസ്രായേല് ‘അസ്വീകാര്യമായ’ ഉപരോധമാണ് നടത്തുന്നതെന്ന് വെള്ളിയാഴ്ച കിര്ഗിസ്ഥാന് സന്ദര്ശനവേളയില് പുടിന് വ്യക്തമാക്കി. ഗാസയില് ഇസ്രായേല് സൈന്യം നടത്തുന്ന ആക്രമണം സാധരണക്കാരുടെ മരണത്തിലേക്ക് നയിക്കുമെന്നും പുടിന് പറഞ്ഞു.
പലസ്തീന് രാഷ്ട്രം രൂപീകരിക്കുകയാണ് സംഘര്ഷം പരിഹരിക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേല്-പലസ്തീന് സംഘര്ഷത്തിന് ഉത്തരവാദികള് പടിഞ്ഞാറന് ശക്തികളാണെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു. വെടിനിര്ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്സില് പ്രമേയത്തിന്റെ കരട് റഷ്യ തയ്യാറാക്കിയിട്ടുണ്ട്.