ദുബായ് > ഗാസയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഗ്രീക്ക് വിദേശകാര്യമന്ത്രി ജോർജ്ജ് ഗെരാപെട്രിറ്റിസുമായി ചർച്ച നടത്തി.
അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംഘർഷം വേഗത്തിൽ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
കൂടാതെ വെസ്റ്റേൺ ബാൾക്കൻസ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും പരിശോധിച്ചു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഏഥൻസ് സന്ദർശിച്ചിരുന്നു. ഇതിന് ശേഷം തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇരുരാജ്യങ്ങളും വഹിച്ച പങ്കും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.