പാലാ > കോൺഗ്രസ് നിയന്ത്രണത്തിലുള്ള തൊഴിലാളി സഹകരണ സംഘത്തിന്റെ പേരിൽ നിക്ഷേപം വാങ്ങി വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കോടതി ഉത്തരവ് പ്രകാരം കേസ് എടുത്തു. ജില്ലാ തൊഴിലാളിക്ഷേമ സഹകരണ സംഘം പ്രസിഡന്റും കടപ്ലാമറ്റം വയലായിൽ കോൺഗ്രസിന്റെ പ്രധാന പ്രവർത്തകനുമായ ജോസഫ് സെബാസ്റ്റ്യൻ വാഴക്കാല, സെക്രട്ടറി ആർപ്പൂക്കര കാവക്കുന്നേൽ എം ടി സോണിയ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസ് രജിസ്റ്റർചെയ്തത്.
പാലാ വെള്ളിയേപ്പള്ളി ജ്വല്ലറി ഉടമ വി ജെ ജോസഫ് വെള്ളിയേപ്പള്ളി, സഹോദരനും ടിബി റോഡിലെ പലചരക്ക് മൊത്തവ്യാപാരിയുമായ വി ജെ ബേബി വെള്ളിയേപ്പള്ളി എന്നിവരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാർച്ച് 28നാണ് മുൻപരിചയത്തിന്റെ പേരിൽ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പാലായിലെ സ്ഥാപനത്തിൽ എത്തി ഇരുവരിൽനിന്നും ഒരു ലക്ഷം രൂപാവീതം നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപം സ്വീകരിച്ചതിന്റെ രസീതും പാസ്ബുക്കും ഇരുവർക്കും നൽകി. ഏപ്രിൽ ആദ്യആഴ്ചക്കുശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം തിരികെ നൽകാമെന്ന ഉറപ്പിലാണ് പണംനൽകിയത്. മുൻധാരണപ്രകാരം കഴിഞ്ഞ മെയ് 10ന് നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ സംഘം പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് ജില്ലാ സഹകരണ ബാങ്കിന്റെ മെയിൻ ശാഖയിൽ സഹകരണ സംഘത്തിനുള്ള അക്കൗണ്ടിലൂടെ മാറാവുന്ന ഒരു ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ ജോസഫിനും ബേബിക്കും നൽകി.
ഈ ചെക്കുകൾ ഫെഡറൽ ബാങ്ക് പാലാ ശാഖവഴി കളക്ഷന് അയച്ചുവെങ്കിലും സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ തുകയില്ലെന്ന കാരണത്താൽ മടങ്ങി. ഈ വിവരം പ്രസിഡന്റിനെ അറിയിച്ചപ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും നിങ്ങളുടെ കൈയിൽനിന്നും നിക്ഷേപം സ്വീകരിച്ചതിന് തെളിവുകൾ ഇല്ലെന്നുമായിരുന്നു മറുപടിയെന്നും വി ജെ ജോസഫ് പറഞ്ഞു. തുടർന്ന് നിക്ഷേപത്തിന്റെ പേരിൽ ഇരുവരും പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതിനൽകി. ഇതോടെയാണ് കേസെടുത്തത്. കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുണ്ട്.