മസ്കറ്റ്> ഒക്ടോബർ മാസം ആയിട്ടും ഒമാനിൽ ഉയർന്ന താപനില തുടരുന്നത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും പലരും ചർച്ച ചെയ്യുന്നുണ്ട്. പരമ്പരാഗതമായി എല്ലാ വർഷവും ഈ സമയത്ത് ആകാശം കടുത്ത നീല നിറത്തിലേക്ക് മാറുകയും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെയും മെർക്കുറിയുടെയും അളവ് കുറയുകയും ചെയ്യും. ഇത് ശൈത്യകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഈ വർഷം സാധാരണ പതിവിൽ നിന്നുള്ള വ്യത്യാസം പ്രകടമാണ്.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം ഒമാനിലെ അൽ ദാഹിറ, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിൽ ശക്തമായിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില ഇപ്പോൾ കുറഞ്ഞുവരികയാണ്. ഉയർന്ന അന്തരീക്ഷ മർദ്ദം സാവധാനം നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശൈത്യകാലതിത്തിന്റെ വരവറിയിക്കുന്ന സൂചകങ്ങളായാണ് നിരീക്ഷകർ കാണുന്നത്. എന്നാൽ സബ് ട്രോപ്പിക്കൽ മേഖലയിൽ വരുന്ന പ്രദേശമായതിനാൽ കാലാവസ്ഥയിൽ സ്ഥായിയായ മാറ്റങ്ങൾ പ്രവചിക്കുക അസാധ്യമാണെന്നും കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സൗദി അറേബ്യയ്ക്ക് മുകളിൽ ഇപ്പോൾ നിലനിൽക്കുന്ന വലിയ മർദ്ദ മേഖല ഒമാനെയും ആവരണം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ മർദ്ദ മേഖല പടിഞ്ഞാറ് ഭാഗത്തോട്ടു നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ അൽ ഹംറയിലും ഇബ്രിയിലും മഴക്ക് കാരണമായതെന്നും ശൈത്യകാലം വരുന്നതിന്റെ സൂചനയാണ് ഇതെന്നും കാലാവസ്ഥ നിരീക്ഷകർ വിശദീകരിച്ചു. ഒമാനിലെ അൽ സിനൈനയിൽ ഞായറാഴ്ച ഏറ്റവും ഉയർന്ന താപനില 41.1 ഡിഗ്രി സെൽഷ്യസും, ജബൽ ഷംസിൽ 10.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.