മസ്കറ്റ്> മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ പ്രവർത്തക സമതി അംഗമായ ആൻസി മനോജ് രചിച്ച തെരിയോഷ്ചെക്ക കഥാസമാഹാരത്തിന്റെ പ്രകാശനം സൂർ കേരള സ്കൂളിൽ നടന്നു. മധുരം ബുക്സ് ആണ് പ്രസാധകർ. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഹസ്ബള്ള മദാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് ഉൽഘാടനം നിർവഹിച്ചു.
സൂർ കലാ സാംസ്കാരിക വേദി പ്രസിഡന്റ് സാക്കി നാസറിന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം നടന്നത്. ശാസ്ത്രത്തിലും സാഹിത്യത്തിലുമുള്ള അറിവുകളുടെ വ്യാപ്തി വളരെ വലുതാണെന്നും വായനയിലൂടെ ഇന്നത്തെ തലമുറ അതിനെ മനസ്സിലാക്കി പുസ്തകങ്ങളുടെ ലോകത്തേക്ക് കടന്നുവരണമെന്നും വിൽസൺ ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
അനിൽ ഉഴമലയ്ക്കൽ തെരിയോഷ്ചെക്കയിലെ കഥകളെ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ചു. സൂർ സോഷ്യൽ ക്ലബ് സെക്രട്ടറി സുനിൽ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, മലയാളം മിഷൻ സൂർ കോഡിനേറ്റർ അജിത്, സാക്കി നാസർ, ശ്രീധർ എന്നിവർ ആശംസകൾ അറിയിച്ചു. കഥാകൃത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം സൂർ കേരള സ്കൂൾ അധ്യാപകരും ഭാരവാഹികളും ചേർന്നും സൂർ കിംജി മലയാളി വിഭാഗവും കഥാകാരിക്ക് സ്നേഹോപഹാരങ്ങൾ കൈമാറി.
അനുഭവങ്ങളുടെ സൂക്ഷ്മ തലത്തിലേക്കുള്ള യാത്രയാണ് സാഹിത്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മറുപടിപ്രസംഗത്തിൽ കഥാകാരി ആൻസി മനോജ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഫാത്തിമ മർവ കഥാ സമാഹാരത്തിലെ ഒരു കഥ അവതരിപ്പിച്ചു. പുസ്തകത്തിലെ ചിത്രങ്ങൾ വരച്ച മലയാളം മിഷനിലെ കുട്ടികൾക്ക് നാസർ ഫോക്കസ്, ഡോക്ടർ പ്രദീപ് എന്നിവർ ഉപഹാരങ്ങൾ നൽകി. ശ്രീലാൽ, ഷിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു. സൈനുദ്ധീൻ കൊടുവള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ മനോജ് കുമാർ നന്ദി രേഖപെടുത്തി.