ഹൈദരാബാദ്
ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസവുമായി ന്യൂസിലൻഡ് ലോകകപ്പിലെ രണ്ടാംമത്സരത്തിന് ഇന്നിറങ്ങും. നെതർലൻഡ്സാണ് എതിരാളി. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ പകൽ രണ്ടിനാണ് മത്സരം.ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രണ്ടാംമത്സരത്തിലും കിവീസ് നിരയിലുണ്ടാകില്ല. പരിക്കുമാറി ലോക്കി ഫെർഗൂസൺ തിരിച്ചെത്തുന്നത് ബൗളിങ് യൂണിറ്റിന് കൂടുതൽ കരുത്തേകും. ആദ്യമത്സരം കളിക്കാതിരുന്ന പേസർ ടിം സൗത്തിയുടെ കാര്യം ഉറപ്പില്ല.
ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെ എല്ലാ മേഖലയിലും നിഷ്പ്രഭമാക്കിയാണ് ന്യൂസിലൻഡ് ജയം പിടിച്ചത്. രചിൻ രവീന്ദ്രയെന്ന പുത്തൻ താരോദയത്തിനും മത്സരം വേദിയായി. ഓപ്പണർ ഡെവൺ കോൺവെയും വില്യംസണിന്റെ അഭാവത്തിൽ മൂന്നാംനമ്പറിലിറങ്ങിയ രചിനും സെഞ്ചുറി നേടി. ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും മിച്ചൽ സാന്റ്നറുമടങ്ങുന്ന ബൗളിങ് നിര മികച്ച ഫോമിലാണ്.
ആദ്യമത്സരത്തിൽ കരുത്തരായ പാകിസ്ഥാനോട് 81 റണ്ണിന് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് നെതർലൻഡ്സ് പുറത്തെടുത്തത്. നാല് വിക്കറ്റും അർധസെഞ്ചുറിയും നേടിയ ഓൾറൗണ്ടർ ബാസ് ഡി ലീഡാണ് തുറുപ്പുചീട്ട്.