കുവൈത്ത് സിറ്റി > കരാറുകൾ നൽകുന്നതിലും സ്വദേശിവത്കരണം നടപ്പാക്കാനുള്ള കരട് നിയമത്തിന് കുവൈത്ത് ജനസംഖ്യാ ഭേദഗതി കമ്മിറ്റി അംഗീകാരം നൽകി. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.
സ്വകാര്യമേഖലയിൽ തൊഴിൽ തേടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും സർക്കാർ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കരട് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഇത് ദേശീയ തൊഴിലിന്റെ അനുപാതം വർദ്ധിപ്പിക്കുമെന്നും സർക്കാർ കരാറുകളിൽ പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും അധികാരികൾ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ്, വാർഷിക യാത്രാ അലവൻസുകൾ, ഘടനാപരമായ ശമ്പള സ്കെയിൽ എന്നിവ ഉൾപ്പെട്ടേക്കാവുന്ന തൊഴിൽ ആനുകൂല്യങ്ങൾ സ്വദേശി തൊഴിലാളികൾക്ക് നൽകാൻ കരാറുകാർക്ക് ബാധ്യതയുണ്ട് എന്നും നിയമത്തിൽ പറയുന്നു.