ജിദ്ദ > വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിയെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ തുടർ ചികത്സയ്ക്കായി നാട്ടിലെത്തിച്ചു.
സെപ്തംബർ ഏഴിന് പുലർച്ചെ ജിദ്ദയിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ സ്ട്രെച്ചറിൽ എത്തിച്ച രോഗിയെ പ്രത്യേക സംവിധാനമുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ജിദ്ദയിൽ മക്രോണ റോഡു മുറിച്ചു കടക്കവേ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ ഇർഫാൻ ഹോസ്പിറ്റലിൽ നാലു മാസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം തലേക്കുന്നിൽ സ്വദേശി പ്രശോഭൻ സദാനന്ദൻ പിള്ളയാണ് സൗദി ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ നാടണഞ്ഞത്.
ജിദ്ദ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരം സാമൂഹിക പ്രവർത്തകൻ ഷമീർ നദ്വി കുറ്റിച്ചലിന്റെ നേതൃത്വത്തിൽ തുടക്കം മുതൽ അദ്ദേഹം നാട്ടിൽ എത്തുന്നതു വരെയുള്ള എല്ലാ ക്രമീകരണങ്ങളും നിർവ്വഹിച്ചു.
ഷിഫ ബവാദി ക്ലീനിക്ക് മലയാളി സ്റ്റാഫ് അംഗങ്ങളായ പ്രസീബും സുഹൃത്തുക്കളും , ഇർഫാൻ ആശൂപത്രി സ്റ്റാഫ് റോബിൻ, മറ്റു മലയാളി നഴ്സ്മാർ എന്നിവരുടെ സേവനങ്ങൾക്കും സഹായമായി നിലകൊണ്ട എംബസിയുടേയും കോൺസുലേറ്റിന്റേയും അധികൃതർക്കും അദ്ദേഹത്തിന്റെ സ്പോൺസർക്കും പ്രശോഭൻ പിള്ളയുടെ കുടുംബം നന്ദിയും കടപ്പാടും അറിയിച്ചു.