തിരുവനന്തപുരം
പത്താം നമ്പർ കാർ ഒന്നാം നമ്പറാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് വിനയായി മാറിയതെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാക്കൾ. ഉമ്മൻചാണ്ടിയെ കേസിൽപ്പെടുത്തി നാണംകെടുത്തി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറക്കി ആ കസേരയിൽ ഇരിക്കാൻ ശ്രമിച്ചത് ശരിവയ്ക്കുന്ന നിരവധി സംഭവങ്ങളാണ് എ ഗ്രൂപ്പ് നേതാക്കൾ ഓർമിക്കുന്നത്. ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് എന്ന് തിരുവഞ്ചൂരിനെ ഏൽപ്പിച്ചോ അന്നുമുതൽ ഉമ്മൻചാണ്ടിയുടെ കഷ്ടകാലം ആരംഭിച്ചു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രിയുടെ ഓഫീസും കടുത്ത ശത്രുതയിലും ഏറ്റുമുട്ടലിലുമായി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉമ്മൻചാണ്ടിയുടെ വലംകയ്യായി പ്രവർത്തിച്ചിരുന്ന ആർ കെ ബാലകൃഷ്ണൻ പറയുന്ന ഒരു കാര്യവും ഏൽക്കേണ്ടെന്ന വാക്കാൽ നിർദേശവും തിരുവഞ്ചൂർ നൽകിയിരുന്നു.
തിരുവഞ്ചൂരിന്റെ ഇത്തരം നീക്കങ്ങളെ എ ഗ്രൂപ്പിന്റെ ‘ഹൈക്കമാൻഡ്’ എന്നറിയപ്പെടുന്ന നേതൃസംഘത്തിന്റെ യോഗങ്ങളിൽ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. തമ്പാനൂർ രവിയുമായി വാക്കേറ്റവുമുണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടിക്കെതിരെ കേസുകളും വാർത്തകളുടെ പ്രളയവും വന്നശേഷം താൻ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കാനും തിരുവഞ്ചൂർ ചില ശ്രമങ്ങൾ നടത്തിയിരുന്നു. ക്രിമിനൽ ബാധ്യതയിൽനിന്ന് ഉമ്മൻചാണ്ടിയെ നിയമവിരുദ്ധമായി ഒഴിവാക്കിയതും ശിവരാജൻ കമീഷൻ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയോടൊപ്പം ഹർജി കൊടുത്തതും അതിന്റെ ഭാഗമായിരുന്നു. കത്ത് പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയെങ്കിലും ബാക്കിയെല്ലാം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നുവെന്നും നേതാക്കൾ ഓർമിക്കുന്നു.