കൊച്ചി> കേരളത്തിലെ ഏറ്റവും വലിയ ഇന്ഫ്ളുവെന്സേഴ്സ് സമ്മിറ്റിന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്റര് വേദിയാകുന്നു. പ്രീമിയം ഇംഗ്ലീഷ് ബിസിനസ് മാഗസിനായ ബ്രാന്ഡ് സ്റ്റോറീസിന്റെ നേതൃത്വത്തിലാണ് സോഷ്യല് മീഡിയയില് നിറഞ്ഞു നില്ക്കുന്ന അഞ്ഞൂറിലധികം ഇന്ഫ്ളുവെന്സേഴ്സ് ഒരു കുടക്കീഴില് ഒന്നിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക 2 മണിയ്ക്കാണ് പരിപാടി. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും, ബെന്നി ബഹന്നാന് എംപി മുഖ്യാതിഥിയാകും.
ആധുനിക കാലത്തെ പുതിയ മാര്ക്കറ്റിംഗ് രീതിയായ ഇന്ഫ്ളുവെന്സേഴ്സ് മാര്ക്കറ്റിംഗിലൂടെ എങ്ങനെ സ്വന്തം ഉല്പ്പന്നങ്ങളെയും ബ്രാന്ഡിനെയും അടുത്ത തലത്തിലേക്കെത്തിക്കാം ” എന്ന ആശയത്തിലധിഷ്ഠിതമായി അഞ്ഞൂറിലേറെ സംരംഭകരെക്കൂടി ഉള്പ്പെടുത്തിക്കൊണ്ടാണ് ഡ്യൂറാഷൈന് ടാറ്റാ ബ്ലൂസ്കോപ്പ് സ്റ്റീല് അവതരിപ്പിക്കുന്ന ‘ഇന്ഫ്ളുവെന്സേഴ്സ് സമ്മിറ്റ്’ അരങ്ങേറുക. പ്രായോജകരായി നീതൂസ് അക്കാദമി, പവിഴം ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുമുണ്ട്.
ചടങ്ങില് ടാറ്റ ബ്ലൂസ്കോപ്പ് സ്റ്റീല് നാഷണല് ഹെഡ് അവിനാഷ് പഞ്ചാക്ഷരി, ഇന്ത്യാ-മെക്സിക്കോ ട്രെയ്ഡ് കമ്മീഷ്ണര് എസ് വി മണികണ്ഠന്, നീതൂസ് അക്കാദമി ഡയറക്ടര് നീതു ബോബന്, പവിഴം ഗ്രൂപ്പ് ചെയര്മാന് എന്. പി ജോര്ജ്ജ്, ബിസിനസ് കണ്സള്ട്ടന്റ് ഡോ. രെഞ്ജിത്ത് രാജ്. സിനിമാ താരം ഹണി റോസ്, സെന്സ് പ്രമോസ് സിഇഒ നിഖില് മോഹനന്, കലാ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുക്കും. രണ്ട് മണി മുതല് രാത്രി ഒന്പത് വരെ നടക്കുന്ന ഇന്ഫ്ളുവെന്സേഴ്സ് സമ്മിറ്റില് കലാപരിപാടികള്, ബ്രാന്ഡ് ലോഞ്ച്, ബ്രാന്ഡ് പ്രസന്റേഷന്, പുരസ്കാര വിതരണം, പാനല് ഡിസ്കഷന് തുടങ്ങിയവ നടക്കും.
ബ്രാന്ഡ് സ്റ്റോറീസ് മാനേജിംഗ് ഡയറക്ടര് സാമി കെ ഹരിദാസ്, ചീഫ് എഡിറ്റര് സുജീഷ് കെ എസ് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.