തൃശൂർ > ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് പുത്തനുണർവ്. ഓണ നാളുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. മെച്ചപ്പെട്ട വരുമാനവും നേടി. അതിരപ്പിള്ളിയിൽ മാത്രം ഒരു ലക്ഷത്തി അയ്യായിരത്തിലേറെപ്പേർ വന്നെത്തി. 18 ലക്ഷമാണ് വരുമാനം. രണ്ടോണനാളിലായിരുന്നു കൂടുതൽപേർ എത്തിയത്. ചിമ്മിനി ഡാമിൽ 6952 പേർ വന്നെത്തി. 3,07,580 രൂപ വരുമാനം നേടി. മൊത്തം രണ്ട് ലക്ഷത്തിൽപ്പരം സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി. നൂറുകണക്കിന് വിദേശികളും ഇതര സംസ്ഥാനത്തുള്ള സഞ്ചാരികളും കേരളത്തിന്റെ പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിക്കാനെത്തി.
ജില്ലാ ടൂറിസം പ്രൊമോഷൺ കൗൺസിലിന്റെ കണക്കുപ്രകാരം ആഗസ്ത് 26 മുതൽ സെപ്തംബർ മൂന്നുവരെ വിലങ്ങൻ കുന്നിൽ 13,445 സഞ്ചാരികളെത്തി. 1,92,100 രൂപ വരുമാനം നേടി. മറ്റു കേന്ദ്രങ്ങൾ( സഞ്ചാരികൾ, വരുമാനം) തുമ്പൂർമുഴി 21,573–-4,11,010, ഏനാമാവ് കായൽ 4498–-53,545, പീച്ചി ഡാം 11,728–- 2,34,500, ചാവക്കാട് ബീച്ച് 21,898–- 1,10,570, വാഴാനി ഡാം – 13,093–-1,80,035, സ്നേഹതീരം 18,329–- 1,68,080, കലശമല 7,617–- 90,915 എന്നിങ്ങനെയാണ് യഥാക്രമം സഞ്ചാരികളുടെയും വരുമാനത്തിന്റെയും കണക്ക്. മൊത്തം 1,12,181 സഞ്ചാരികളെത്തി. 14,40,755 രൂപ വരുമാനവും നേടി.
പൂമല ഡാം ഉൾപ്പെടെയുള്ള സഞ്ചാര കേന്ദ്രങ്ങളിലും കോൾ നിലങ്ങളിലെ സൗന്ദര്യ ആസ്വാദനത്തിനും ആയിരങ്ങളെത്തി. തൃശൂർ നഗരത്തിൽ ആകാശപ്പാതയും ഓണനാളിൽ ടൂറിസ്റ്റ് കേന്ദ്രമായി മാറി. ടൂറിസം വാരാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും സമാപനം കുറിച്ച് നടന്ന പുലികളി കാണാനും ആയിരങ്ങൾ വന്നെത്തി.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കാൻ സർക്കാർ പദ്ധതി തുടങ്ങിയിട്ടുണ്ട്. ചരിത്രം, പൈതൃകം, സംസ്കാരം, വൈവിധ്യങ്ങളുടെ നിറഞ്ഞ പ്രകൃതി കാഴ്ചകൾ, ഭക്ഷണ രീതികൾ, അഗ്രി ടൂറിസം തുടങ്ങി സാധ്യതകൾ പ്രയോജനപ്പെടുത്തും. അതോടൊപ്പം തൊഴിൽ സാധ്യതകൾ വളർത്തിയെടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. സാധാരണക്കാർകൂടി ഗുണഭോക്താക്കളാവുന്ന വിനോദ സഞ്ചാരവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.