കൊച്ചി
രാജ്യത്തെ ബാങ്കുകളിൽ പണലഭ്യത കുറഞ്ഞെന്ന് റിസർവ് ബാങ്ക്. നടപ്പ് സാമ്പത്തികവർഷം ആദ്യമായാണ് പണലഭ്യത കമ്മി നേരിടുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉൾപ്പെടെ എല്ലാ വായ്പകളുടെയും പലിശ നിരക്ക് ഉയരാൻ ഇത് കാരണമാകുമെന്ന് ബാങ്കിങ് വിദഗ്ധർ പറയുന്നു. വായ്പകൾക്ക് പണം കണ്ടെത്താനായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഉയർന്ന പലിശ നൽകേണ്ടിവരുന്നതാണ് ഇതിനുകാരണം.
ആഗസ്ത് ആദ്യം 2.8 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകളിലെ പണലഭ്യത. 21 ആയപ്പോഴേക്കും 23,600 കോടി രൂപയുടെ കുറവുണ്ടായി. 2000 രൂപ നോട്ട് പിൻവലിച്ചതോടെ ബാങ്കുകളിലേക്ക് എത്തിയ അധികപണം വിപണിയിലെത്തുന്നത് തടയാൻ ആർബിഐ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് കാരണം. കഴിഞ്ഞ പണനയ പ്രഖ്യാപനത്തിൽ മെയ് 19നും ജൂലൈ 28നും ഇടയിൽ ലഭിച്ച അധികനിക്ഷേപത്തിന് ബാങ്കുകൾ 10 ശതമാനം അധിക കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ സിആർആർ) സൂക്ഷിക്കാനും ആർബിഐ ആവശ്യപ്പെട്ടു. ഒരുലക്ഷം കോടിയിലധികം രൂപയാണ് ഇതിലൂടെ ബാങ്കിങ് സംവിധാനത്തിൽനിന്ന് പിൻവലിക്കപ്പെട്ടത്.
തുടർച്ചയായ പണപ്പെരുപ്പ ഭീഷണിമൂലം കഴിഞ്ഞ മൂന്നുതവണയായി റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലയാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. പലിശനിരക്ക് ഉയർത്തിയാൽ പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന ആശങ്കയ്ക്കിടയിലാണ് പണലഭ്യതാ കമ്മി നേരിടുന്നത്. അധിക കരുതൽ ധനാനുപാതം തുടരണോ എന്ന കാര്യത്തിൽ സെപ്തംബർ എട്ടിന് ആർബിഐ തീരുമാനമെടുക്കും.
രാജ്യത്ത് ചില്ലറവിൽപ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയിൽ 7.44 ശതമാനത്തിലേക്ക് ഉയർന്നു. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഗസ്തിലും പണപ്പെരുപ്പം ഉയർന്നേക്കും. ഇത് ആറ് ശതമാനത്തിൽ അധികമാകുന്നത് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കും. ഒക്ടോബർ ആറിനാണ് അടുത്ത പണനയ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്.