തിരുവനന്തപുരം
‘‘സന്തോഷം’’ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച ‘റോക്കട്രി ദ നമ്പി എഫക്ടി’ന്റെ സംവിധായകരിൽ ഒരാളായ ജി പ്രജേഷ് സെൻ പറഞ്ഞു. 1965 മുതൽ 2014 വരെയുള്ള കഥയാണ് ചിത്രം പറഞ്ഞത്. ‘ചാന്ദ്രയാൻ ദൗത്യം വിജയിച്ച പശ്ചാത്തലത്തിൽ ഐഎസ്ആർഒയുടെ ആദ്യകാല ശാസ്ത്രജ്ഞരിൽ ഒരാളായ നമ്പി നാരായണന്റെ ജീവിതം അവതരിപ്പിച്ച ചിത്രത്തിന് അംഗീകാരം ലഭിച്ചതിൽ ആഹ്ലാദമുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം അംഗീകരിച്ചതിന്റെ സാക്ഷ്യമായും ഈ പുരസ്കാരത്തെ കാണുന്നു. പഴയ അമേരിക്കയിൽ നടക്കുന്ന ചില ഭാഗങ്ങൾ
സെർബിയയിലാണ് ചിത്രീകരിച്ചത്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം നടന്നത്. നമ്പി നാരായണന്റെ ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥം ’ തയ്യാറാക്കുന്ന ഘട്ടത്തിൽത്തന്നെ സിനിമയെക്കുറിച്ചുള്ള ആലോചനയും നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രജേഷ് പുതിയ ചിത്രത്തിന്റെ തിരക്കിലാണ്.