അബുദാബി > പുരോഗമന കലാ സാഹിത്യ സാംസ്കാരികസംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സ് പ്രവർത്തകർ ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 10ന് പൊന്നാനിയിൽ ഒത്തുകൂടുന്നു. 44 വർഷം പിന്നിടുന്ന ശക്തിയുടെ ആദ്യകാല പ്രവർത്തകരും നിലവിലെ പ്രവർത്തകരും പൊന്നാനിയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കും.
37ാം അബുദാബി ശക്തി അവാർഡ് സമർപ്പണത്തിന്റെ ഭാഗമായാണ് സംഗമം പൊന്നാനിയിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി പി നന്ദകുമാർ എംഎൽഎ ചെയർമാനായും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ദീൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘത്തിനു രൂപം നൽകി. സ്വാഗതസംഘരൂപീകരണയോഗം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രത്യേകം സജ്ജമാക്കിയ പൊന്നാനി മാസ് കമ്മ്യൂണിറ്റി ഹാളിലെ പ്രധാന വേദിയിൽ 27 വൈകിട്ട് 3 നു സംഘടിപ്പിക്കുന്ന അവാർഡ് സമർപ്പണം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചെറുകഥാകൃത്ത് ടി പത്മനാഭൻ തുടങ്ങി നിരവധിപേർ പങ്കെടുക്കും.
കവിത, കഥ, നോവൽ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം, നിരൂപണം, ഇതര സാഹിത്യം തുടങ്ങിയ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേരുടെ കൃതികൾക്കാണ് അവാർഡ് നൽകുന്നത്. കൂടാതെ അടൂർ ഗോപാലകൃഷ്ണന് സമഗ്രസംഭാവനയ്ക്കുള്ള ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഹാരിസ് സി എം പി അറിയിച്ചു.