കുവൈറ്റ് സിറ്റി > രൂപയുടെ മൂല്യം ഇടിഞ്ഞത് കുവൈറ്റിലെ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്ക് വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനാറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുള്ള വ്യത്യാസം കുവൈറ്റിൽ നിന്നും പണമിടപാട് നടത്തുന്ന പ്രവാസികൾക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. നിലവിൽ ഒരു കുവൈറ്റി ദിനാറിനു 268 ഇന്ത്യൻ രൂപയാണ് വിനിമയ നിരക്ക്. എന്നാൽ കഴിഞ്ഞ ദിവസം ഇത് 270 രൂപയായും മാറുകയുണ്ടായി. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ 82.50 ൽ നിന്നും 83.15 ലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
കുറച്ചു മാസങ്ങളായി കുവൈറ്റിലെ പണമിടപാട് സ്ഥാപനങ്ങളിൽ പണം അയക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടായിരുന്നു. മാത്രവുമല്ല, ഇതിന്റെ ഭാഗമായി ബിസിനസ്സ് കുറഞ്ഞതിനാൽ പല സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ കുറക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്. നാട്ടിലേക്ക് പണമയക്കുന്നതിനു അനൗദ്യോഗിക മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും ബിസിനസ്സ് കുറയാൻ കാരണമായിട്ടുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നുണ്ട്. എന്തായാലും രൂപയും മൂല്യം ഇടിഞ്ഞതോടെ പണമിടപാട് സ്ഥാപനങ്ങൾ വഴി പണം നാട്ടിലേക്ക് അയക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം.