മസ്കറ്റ് > ഒമാൻ ഗതാഗത വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള എൻജിനീയർ സെയ്ദ് ഹമൗദ് അൽ മാവാലി ഐഎസ്ആർഒ സന്ദർശിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളെപ്പറ്റി വിദഗ്ദ്ധർ മന്ത്രിയോടു വിശദീകരിച്ചു. ഒമാൻ പ്രതിനിധികളും ഐഎസ്ആർഒ അധികൃതരുമായി വിവിധമേഖകളിൽ സഹകരണം ശക്തിപ്പെടുത്തിനായുള്ള ചർച്ചകളും നടന്നു.
ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള സഹകരണങ്ങളുടെ ഭാഗമായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ‘ഇന്ത്യ-ഒമാൻ ഭൗമ നിരീക്ഷണ സംവിധാന’ത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.
ഇന്ത്യൻ ഭൗമ നിരീക്ഷമോപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും അനുബന്ധ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ഈ പ്ലാറ്റ്ഫോം, ബാഹ്യാകാശ സങ്കേതങ്ങളുമായുള്ള വിപുലമായ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഏറ്റവും കൃത്യതയുള്ള വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കൃഷി, ജലവിഭവം, മൽസ്യബന്ധനം, ഗതാഗതം, പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യൽ, നഗര വികസനം, പുരുപയോഗ ഊർജസ്രോതസ്സുകൾ തുടങ്ങി വിപുലമായ മേഖലകളിൽ പ്രയോജനം ചെയ്യുന്ന വിവരങ്ങളായിരിക്കും സംവിധാനം പ്രദാനം ചെയ്യുക.
പര്യടന പരിപാടികളുടെ ഭാഗമായി മന്ത്രിയും സഹപ്രവർത്തകരും ഇന്ത്യൻ ഉപഗഹ നിയന്ത്രണ-നിരീക്ഷണ കേന്ദ്രം സന്ദർശിച്ചു. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ -3, പ്രൊപ്പൽഷൻ പേടകത്തിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ ISRO വിദഗ്ദ്ധർ ഒമാൻ സംഘത്തിന് വിശദീകരിച്ചു നൽകി.
സന്ദർശനത്തിനിടെ, മന്ത്രിയും സംഘവും, ബഹിരാകാശ മേഖലയിലും, വിവരസാങ്കേതികവിദ്യാമേഖലയിലും മികവ് പുലർത്തുന്ന നിരവധി സ്ഥാപനങ്ങളുമായും കൂടിയാലോചനകൾ നടത്തി.